ഈരാറ്റുപേട്ട: കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയാൽ രണ്ടുണ്ട് കാര്യം. ചികിത്സതേടാം പുസ്തകവും വായിക്കാം. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിരസതയകറ്റാൻ വഴിതുറക്കുകയാണ് ഇവിടുത്തെ തുറന്ന വായനശാല. അരുവിത്തുറ സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവ്വീസ് സ്‌കീം വോളണ്ടിയർമാരാണ് അക്ഷരദീപം പദ്ധതിയിലൂടെ ഇവിടെ വായനശാല സജ്ജമാക്കിയത്. പ്രവർത്തന മേൽനോട്ടം നിർവഹിക്കുന്നതും ഇവർ തന്നെ. നോവലുകൾ, ആനുകാലികങ്ങൾ, ഇയർ ബുക്കുകൾ, കുട്ടികളുടെ പുസ്തകങ്ങൾ തുടങ്ങി മലയാളത്തിലും ഇംഗ്ലീഷിലുമുള്ള 180 ഓളം പുസ്തകങ്ങൾ ഇവിടെയുണ്ട്. കുട്ടികൾ തന്നെയാണ് ഇവ ശേഖരിച്ചത്.
ആശുപത്രിയിലെത്തുന്ന ആർക്കും പുസ്തകങ്ങൾ വായിക്കാം. കാത്തിരുപ്പ് കേന്ദ്രത്തിനു സമീപമുള്ള റാക്കിലാണ് പുസ്തകങ്ങൾ. ലഭ്യമായ പുസ്തകങ്ങളുടെ ലിസ്റ്റും പ്രദർശിപ്പിച്ചിട്ടുണ്ട്. എടുക്കുന്ന പുസ്തകങ്ങൾ കേടുപാടു വരുത്താതെ തിരിച്ചുവെയ്ക്കണമെന്നത് മാത്രമാണ് നിബന്ധന. സന്നദ്ധ പ്രവർത്തകരുടെ സഹകരണത്തോടെ കൂടുതൽ പുസ്തകങ്ങൾ ലഭ്യമാക്കി വായനശാല വിപുലീകരിക്കുമെന്ന് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സജി സെബാസ്റ്റ്യൻ പറഞ്ഞു.