കോട്ടയം: രാത്രിയാത്രക്കാർ പ്രധാനറോഡിലൂടെ നടക്കണമെങ്കിൽപോലും പൊലീസുകാർക്ക് മുമ്പിൽ പൗരത്വം തെളിയിക്കണം. സ്ത്രീകളുടെ പാതിരാ നടത്തത്തിന് ഇടതു പുരോഗമന സർക്കാർ കൊണ്ടുപിടിച്ചു പരിശ്രമിക്കുമ്പാേഴാണ് രാത്രി ജോലി കഴിഞ്ഞ് വീട്ടിൽ പോകുന്ന സാധാരണക്കാരോട് പൊലീസുകാരുടെ ക്രോസ് വിസ്താരം.
നഗരത്തിൽ റോന്തുചുറ്റുന്ന രാത്രികാല പട്രോളിംഗ് സംഘങ്ങളാണ് യാത്രക്കാരെ തടഞ്ഞുനിറുത്തി കൊടും കുറ്റവാളികളോടെന്നപോലെ പെരുമാറുന്നത്. കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാനും ക്രമസമാധാന പാലനത്തിനുമാണ് ഇത്തരം നടപടിയെന്നാണ് പൊലീസിന്റെ ഭാഷ്യം. എന്നാൽ നഗരത്തിലെ ഊടുവഴികളിലും ഇരുൾമൂടിയ കടത്തിണ്ണകളിലും തമ്പടിക്കുന്ന സാമൂഹ്യവിരുദ്ധർക്കും മയക്കുമരുന്ന്, അനാശാസ്യ സംഘങ്ങൾക്കും ഇതൊന്നും ബാധകമല്ല. കെ.എസ്.ആർ.ടി. സ്റ്റാന്റിലും റെയിൽവേ സ്റ്റേഷനിലും വന്നിറങ്ങുന്ന യാത്രക്കാർ അടുത്തുള്ള താമസസ്ഥലത്തേക്ക് നടന്നുപോയാൽ ഓരോ അരകിലോമീറ്ററിലും പൊലീസ് പരിശോധനയ്ക്ക് വിധേയരാകണം. പേരും യാത്രോദ്ദേശ്യവും വ്യക്തമാക്കിയാലും ക്രിമിനൽ കേസിലെ പ്രതികളെ പോലെ പിതാവിന്റെ പേരും വിലാസവും വയസും വരെ പറഞ്ഞു കൊടുത്താലേ കടത്തിവിടൂ. രാത്രി ഷിഫ്ടിൽ ജോലി കഴിഞ്ഞ് പോകുന്ന കാൽനടക്കാർക്കും ഇതുതന്നെയാണ് അവസ്ഥ. എന്നാൽ ഒാട്ടോക്കാരെ ഇക്കൂട്ടർക്ക് വലിയ 'ബഹുമാന"മാണ്. ഒാട്ടോ ഒാടിക്കുന്നവർക്കോ, അതിൽ യാത്ര ചെയ്യുന്നവർക്കോ ഇതൊന്നും ബാധകമല്ല.
വ്യക്തിപരമായ വിവരങ്ങൾ എല്ലാ ദിവസവും എന്തിനാണ് എഴുതിയെടുക്കുന്നതെന്ന് ചോദിച്ചാൽ പൊലീസിന്റെ സ്വഭാവം മാറും. പിന്നെ എടാപോടാ വിളിയും അധികാരം പ്രയോഗിക്കലുമാകും. കൂടെ ആരുമില്ലാതെ നടന്നുപോകുന്ന ഒരാളെ അത്യാവശ്യം ഒരുരാത്രി തടങ്കലിൽ വയ്ക്കാനും ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് ഉണ്ടാക്കാനും ഏത് പൊലീസ് വിചാരിച്ചാലും സാധിക്കും. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന് ആരോപിച്ചാലും പൗരന്റെ കാര്യം പോക്കാണ്. അതുകൊണ്ടുതന്നെ എത്ര പ്രകോപനമുണ്ടായാലും യാത്രക്കാർ പ്രതികരിക്കാറില്ല. ദിവസവും പെറ്റിക്കേസ് ക്വാട്ടാ തികയാതെ വന്നാലും രാത്രിയിൽ വഴിയിൽ നിന്നുകിട്ടുന്ന വ്യക്തിഗത വിവരങ്ങൾ വച്ച് കേസ് എഴുതുകയുമാകാം.
ലക്ഷ്യം സദുദ്ദേശപരമാണെങ്കിൽ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ ഉൾപ്പെടെ പരിശോധിക്കണം. വാഹനത്തിൽ യാത്ര ചെയ്യുന്നവർ കുഴപ്പക്കാരല്ലെന്നും കാൽനട യാത്രക്കാർ പ്രശ്നക്കാരണെന്നുമുള്ള പൊലീസിന്റെ ധാരണ തിരുത്തപ്പെടുകയും വേണം.