ചിറക്കടവ്: ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ആഴിപൂജയും പടുക്കയും ഇന്ന് രാത്രി 8ന് നടക്കും. ഉത്തരകേരളത്തിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി നൂറുകണക്കിന് അയ്യപ്പഭക്തൻമാർ ചടങ്ങുകളിൽ പങ്കെടുക്കും. ശബരിമല അയ്യപ്പന് ചാർത്താനുള്ള തിരുവാഭരണപേടകവാഹകസംഘ ഗുരുസ്വാമി പന്തളം കുളത്തിനാൽ ഗംഗാധരൻപിള്ളയും സംഘാംഗങ്ങളുമാണ് ആഴിപൂജയും പടുക്കയും നടത്തുന്നത്. 64 വർഷമായി ഗുരുസ്വാമിയാണ് തിരുവാഭരണ വാഹകപേടകം പന്തളത്തു നിന്നും ശബരിമലയിലേക്ക് കൊണ്ടപോകുന്നത്. ആഴിപൂജാമഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളുണ്ട്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം മൈതാനത്ത് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പടുക്ക പന്തലിലേയ്ക്ക് ക്ഷേത്രശ്രീകോവിലിൽ നിന്നും ദീപം പകർന്ന് മേൽശാന്തി കെ.എസ്. ശങ്കരൻനമ്പൂതിരിയുടെ കാർമ്മികത്വത്തിൽ പീഠപൂജ നടത്തും. തുടർന്നാണ് ആഴിക്ക് അഗ്‌നി ജ്വലിപ്പിക്കുന്നത്. രാത്രി 8 മണിയോടെയാണ് ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ആഴിപൂജയും ശാസ്താംപാട്ടും നടത്തുന്നത്. നായാട്ട് വിളിക്കശേഷമാണ് ആഴിവാരൽ ചടങ്ങ്. വൈകിട്ട് ചിറക്കടവ് ശിവശക്തിവിലാസം ഭജനസമിതിയുടെ ഭജനയും ആഴിപൂജയോടനുബന്ധിച്ചുള്ള മഹാപ്രസാദമൂട്ടും ദീപാരാധനയ്ക്ക് ശേഷം തുടങ്ങും.