കോട്ടയം: പ്ലാസ്റ്റിക് കാരിബാഗിന് പകരം തുണിസഞ്ചികളുമായി കിളിരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളും. സംസ്ഥാനത്ത് നിലവിൽവന്ന പരിസ്ഥിതി സംരക്ഷണ ദൗത്യത്തിന് പിന്തുണ നൽകുന്നതോടൊപ്പം പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. നാട്ടിൽ ആവശ്യമുള്ള തുണി സഞ്ചികൾ സ്കൂളിൽ നിന്ന് നിർമിച്ച് വിൽപ്പന നടത്തുകയാണ് ചെയ്യുന്നത്. സ്കൂളിലെ ഡ്രോയിംഗ് അദ്ധ്യാപകൻ മഹേഷ് രൂപകൽപ്പന ചെയ്ത തുണിസഞ്ചികൾ പി.ടി.എ യും വിദ്യാർത്ഥികളും ചേർന്നാണ് തയ്യാറാക്കുന്നത്. ഇതിൽ നിന്നുള്ള വരുമാനം സാമൂഹ്യസേവന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. പ്ലാസ്റ്റിക്കിനെതിരായ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം സാമൂഹ്യപ്രതിബദ്ധതയുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കുക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്ന മഹാത്മാഗാന്ധിയുടെ സ്വപ്നസാക്ഷാത്കാരം കൂടിയാണ് നടപ്പിലാക്കുന്നതെന്ന് സ്കൂൾ പ്രിൻസിപ്പൽ വി.ആർ. റീന പറഞ്ഞു. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ എൽ.ഇ.ഡി. ബൾബുകൾ, പേപ്പൾ ഉപയോഗിച്ചുള്ള പേന നിർമാണം എന്നിവ നേരത്തേ മുതൽ സ്കൂളിൽ നടന്നുവരുന്ന പരിപാടികളാണ്. ഇന്നലെ സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ തുണിസഞ്ചികളുടെ വിതരണോദ്ഘാടനം പ്രിൻസിപ്പൽ നിർവഹിച്ചു. സീനിയർ അസി. പി. ഗീത തുണിസഞ്ചി ഏറ്റുവാങ്ങി.