കോട്ടയം: പുതുവർഷ ദിനത്തിൽ സംസ്ഥാനത്ത് നിലവിൽ വന്ന പ്ലാസ്റ്റിക് നിരോധനം നഗരസഭ പരിധിയിൽ കർശനമായി നടപ്പാക്കുമെന്ന് ചെയർപേഴ്സൺ ഡോ.പി.ആർ. സോന അറിയിച്ചു. നിരോധിക്കപ്പെട്ട ഉൽപ്പന്നങ്ങൾ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും വ്യാപാരം നടത്തുന്നതും കുറ്റകരമാണ്. ഇവ കടകളിൽ സൂക്ഷിച്ചിട്ടുള്ളതായി പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുകയും കടകളുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്യും. ഒറ്റത്തവണ ഉപയോഗിച്ചശേഷം ജലശ്രോതസുകളിലും പൊതുനിരത്തിലുമൊക്കെ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളുടെ പുന:ചക്രമണം പോലും അസാധ്യമായിരിക്കുകയാണ്. പൊതുനന്മയെ ലക്ഷ്യമാക്കി പ്ലാസ്റ്റിക് നിരോധനത്തോട് വ്യാപാരികളും പൊതുസമൂഹവും സഹകരിക്കണമെന്നും ചെയർപേഴ്സൺ അറിയിച്ചു.