വൈക്കം: ഉദയനാപുരം പടിഞ്ഞാറെമുറി ധീവരസഭ 104 ാം നമ്പർ ശാഖയുടെ കീഴിലുള്ള ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹത്തോടനുബന്ധിച്ച് നടത്തിയ രുഗ്മിണീസ്വയംവര ഘോഷയാത്രഭക്തിനിർഭരമായി. ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിൽ പൂജകൾ നടത്തിയ ശേഷം പുറപ്പെട്ട ഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് പി. എൻ. മണിയപ്പൻ, വൈസ് പ്രസിഡന്റ് ദിനേശൻ, സെക്രട്ടറി വി. മോഹനൻ, കെ. ആർ. രമേശൻ, കെ. എസ്. ഭുവനചന്ദ്രൻ, മഹിളാസഭാ ഭാരവാഹികളായ സ്മിതാ പ്രദീപ്, ഗിരിജ പുഷ്‌കരൻ, മേരി ബാബു, സരിത സജീവൻ, ഗിരിജാ പവിത്രൻ എന്നിവർ നേതൃത്വം നൽകി. യജ്ഞവേദിയിൽ നടന്ന സ്വയംവര ചടങ്ങുകൾക്ക് യജ്ഞാചാര്യൻ ഗുരുവായൂർ മണികണ്ഠ വാര്യർ മുഖ്യകാർമ്മികനായി. ഉച്ചയ്ക്ക് 1 ന് സ്വയംവര സദ്യയും, വൈകിട്ട് 5 ന് സർവ്വൈശ്വര്യപൂജയും നടത്തി.