കോട്ടയം: ബീഡി ചോദിച്ചിട്ട് കൊടുക്കാത്തതിന് പൊലീസുകാരന്റെ കൈ പ്രതി വിലങ്ങുകൊണ്ട് ഇടിച്ച് ഒടിച്ചു. ഇന്നലെ വൈകുന്നേരം നാലരയോടെ കോട്ടയം ജില്ലാ ജയിലിലാണ് സംഭവം. കോട്ടയം ആംഡ് റിസേർവ് ക്യാമ്പിലെ പൊലീസുകാരൻ ആലപ്പുഴ സ്വദേശി ആർ.എം മനോജിന്റെ കൈയാണ് ഒടിച്ചത്. കൈ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
വധശ്രമം, കഞ്ചാവുകച്ചവടം, മോഷണം തുടങ്ങി 16 കേസുകളിലെ പ്രതിയായ വാകത്താനം പൊങ്ങന്താനം ശാന്തിനഗർ കോളനിയിൽ മുള്ളനയ്ക്കൽ മോനുരാജ് പ്രേം (24) ആണ് പൊലീസുകാരന്റെ കൈ ഒടിച്ചത്. വെള്ളിയാഴ്ച രാവിലെ മോനുരാജുമായി എ.ആർ ക്യാമ്പിലെ പൊലീസുകാരായ മനോജും ബാഷും ചോർന്ന് എറണാകുളം കോടതിയിലേക്ക് പോയി. മൂന്നു മണിയോടെ ഇവർ കോട്ടയത്ത് തിരിച്ചെത്തി. യാത്രക്കിടയിൽ ബസിൽവച്ച് പ്രതി പൊലീസുകാരോട് ബീഡി ചോദിച്ചു. വാങ്ങിതരില്ലെന്ന് പറഞ്ഞതോടെ അല്പം അരിശം പിടിച്ചെങ്കിലും പിന്നീട് ശാന്തനായി.
നാഗമ്പടത്ത് തിരിച്ചെത്തിയപ്പോൾ വീണ്ടും ബീഡി ചോദിച്ചു. ഇതിനിടെ ഓട്ടോറിക്ഷയിൽ കയറ്റുന്നതിനിടെ ഓട്ടോ ഡ്രൈവറെ ആക്രമിക്കാനും ഓടി രക്ഷപ്പെടാനും ശ്രമിച്ചെങ്കിലും പൊലീസുകാർ ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. ജയിലിന് മുമ്പിൽ എത്തിയപ്പോൾ പൊലീസുകാരെ ആക്രമിക്കാൻ വീണ്ടും ശ്രമമുണ്ടായി.
ജയിലിനുള്ളിൽ കയറിയതോടെ വിലങ്ങ് ഒരു കൈയിലെ അഴിച്ചു. ഈ സമയത്ത് ബീഡി കൊടുക്കാത്തതിലുള്ള അമർഷത്തിൽ പൊലീസകാരനായ ബാഷിനെ ഇയാൾ മർദ്ദിക്കുകയായിരുന്നു. ഇതുകണ്ട് പിടിച്ചുമാറ്റാൻ എത്തിയതാണ് മനോജ്. തുടർന്ന് മനോജിനെ വിലങ്ങ് ഉപയോഗിച്ച് ഇടിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് മോനുരാജിനെതിരെ കേസ് എടുത്തിട്ടുണ്ട്.