കോട്ടയം: നാലംഗസംഘം ഷാപ്പിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് സഹോദരങ്ങൾക്ക് കുത്തേറ്റു. ഇടിയേറ്റ് ഒരാളുടെ ഇരുവാരിയെല്ലുകളും തകർന്നു. ഇന്നലെ രാത്രി എട്ടരയോടെ പാലാ മുണ്ടുപാലം മുന്തിരിതോപ്പ് ഷാപ്പിലാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ മൂന്നു പേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരുമലക്കുന്ന് കോളനി നിവാസികളാണ് ഏറ്റുമുട്ടിയത്.
കള്ളുകുടിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. കുത്തേറ്റ ജോജോ, ജോജി എന്നിവർ സഹോദരങ്ങളാണ്. തുടയിലും തോളിലുമാണ് ഇവർക്ക് കുത്തേറ്റത്. ജോമോന്റെ ഇരുവശത്തെ വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്. സംഘത്തിലുണ്ടായിരുന്ന ജയ്സൺ പൊലീസ് കസ്റ്റയിലാണ്. പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, സി.ഐ വി.എസ് സുരേഷ് എന്നിവർ രാത്രിയിൽ തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു.
വാരിയെല്ല് ഒടിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന ജോമോന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇയാളാണ് ജോജിയെയും ജോജോയെയും കുത്തിയത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.