കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12ന് മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. ആധുനിക സൗകര്യത്തോടു കൂടിയ ബ്ലഡ് ബാങ്ക്, ലാബ്, സ്‌റ്റോർ എന്നിവയുടെ സമർപ്പണവും മന്ത്രി നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. എം.പിമാരായ ജോസ് കെ.മാണി, തോമസ് ചാഴികാടൻ, സുരേഷ് കുറുപ്പ് എം.എൽ.എ. തുടങ്ങിയവർ പ്രസംഗിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 2.74 കോടി രൂപ മുടക്കിയാണു കെട്ടിടം നിർമിച്ചത്. രണ്ടു വർഷം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സഖറിയാസ് കുതിരവേലി, ലിസമ്മ ബേബി, ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദുകുമാരി, ആർ.എം.ഒ. ഡോ. ഭാഗ്യശ്രീ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
പുതിയ മാറ്റങ്ങൾ
മുഴുവൻ സമയ പൊലീസ് സേവനം ലഭ്യമാക്കും
ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള 219 കോടി രൂപയുടെ കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്
ആധുനിക സൗകര്യങ്ങളോടു കൂടിയ ട്രോമാ കെയർ, ഒ.പി. വിഭാഗങ്ങൾ, 374 കിടക്കകൾ, 10 ആധുനിക ഓപ്പറേഷൻ തീയേറ്റർ എന്നിവയെല്ലാമുള്ള 10 നില കെട്ടിടംകൂടി പണിയും