കോട്ടയം: പ്ളാസ്റ്റിക്കിനെതിരെ ഘോരഘോരം വാദിക്കുമ്പോഴും ജില്ലയിലെ പകുതി പഞ്ചായത്തുകളിലും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനും തരം തിരിക്കാനുമുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിയില്ല. ഇവിടങ്ങളിൽ ഹരിത കർമസേനയും നിർജീവമാണ്. ഇതോടെ ജില്ലയിലെ പ്ളാസ്റ്റിക് നിരോധനം നടപ്പാക്കൽ പറച്ചിലിൽ മാത്രമായി.

പ്ളാസ്റ്റിക്കിനെതിരെ ബോധവത്കരണ ക്ളാസും ക്യാമ്പയിനും സംഘടിപ്പിക്കുന്ന പഞ്ചായത്തുകൾ അവ ശേഖരിക്കാനും നിർമാർജനം ചെയ്യാനും ഒന്നും ചെയ്യുന്നില്ല. മറ്റു ജില്ലകളിലെല്ലാം പ്ലാസ്റ്റിക് ശേഖരിക്കാൻ പ്രത്യേക സംവിധാനങ്ങളുണ്ടെന്നിരിക്കെയാണ് നിരുത്തരവാദ സമീപനം. ജില്ലയിൽ പ്ളാസ്റ്റിക് നിരോധനം കാര്യക്ഷമമല്ലാത്തതിൽ ഗ്രീൻ കേരള കമ്പനിക്കും അതൃപ്തിയുണ്ട്.

 72ൽ 36

ആകെയുള്ള 72 പഞ്ചായത്തുകളിൽ 36ഉം ഇക്കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടു പോലുമില്ല. എന്നാൽ ആറു നഗരസഭകളിലും സംവിധാനമുണ്ട്. പലയിടങ്ങളിലും സ്ഥലമില്ലാത്ത സാഹചര്യത്തിൽ പൊതുവായ കേന്ദ്രങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഇത്തരം കേന്ദ്രങ്ങൾ നിർമിക്കാൻ ആറു കോടി രൂപ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്. ഗ്രീൻ കേരളാ കമ്പനി മുഖേന ജില്ലയിൽ ഒരു മാസം 25 -30 ടൺ മാലിന്യം ശേഖരിക്കുന്നുണ്ട്. ഇങ്ങനെ ശേഖരിക്കുന്നതിൽ 30 ശതമാനവും കവറുകളാണ്. ഭക്ഷണ സാധനങ്ങൾ പൊതിഞ്ഞു വരുന്ന പ്ലാസ്റ്റിക്കിന് നിരോധനമില്ലാത്തതിനാൽ ശേഖരണത്തിൽ കാര്യമായ കുറവുണ്ടാകില്ല. വിവിധ ബ്ലോക്ക് പഞ്ചായത്തുകൾ മുഖേന ശേഖരിച്ച 40 ടൺ പ്ലാസ്റ്റിക് കഴിഞ്ഞ വർഷം ജില്ലയിൽ ടാറിംഗിനായി ഉപയോഗിച്ചിരുന്നു. നിലവിൽ 100 ടൺ പ്ലാസ്റ്റിക്കും പൊടിച്ചെടുത്ത 25 ടണ്ണും ഗ്രീൻകേരള കമ്പനിയുടെ കൈവശമുണ്ട്.

പ്ളാസ്റ്റിക് ശേഖരിക്കാൻ

സംവിധാനമില്ലാതെ

36 പഞ്ചായത്തുകൾ

'' ഈ മാസം അവസാനം മുതൽ ഒഴിഞ്ഞ മദ്യകുപ്പികൾ പ്രതിഫലമില്ലാതെ ശേഖരിക്കാമെന്നാണ് കരുതുന്നത്. പ്ലാസ്റ്റിക് കുപ്പികൾക്കൊപ്പം കുപ്പിച്ചില്ലും ശേഖരിക്കും''

- ദിലീപ് കുമാർ,​ ഗ്രീൻ കേരള കമ്പനി ജില്ലാ മാനേജർ