പാലാ: വാട്ടർ അതോറിറ്റി പാലാ സബ് ഡിവിഷന്റെ പുതിയ മന്ദിര നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു നില മന്ദിരത്തിന്റെ രണ്ടാം ഘട്ട കോൺക്രീറ്റ് ജോലികൾ ഇന്നലെ നടന്നു. പാലാ പുത്തൻപള്ളിക്കുന്നിലുള്ള പാലാ വാട്ടർ അതോറിറ്റി വക അരനൂറ്റാണ്ടു പഴക്കമുള്ള പഴയ മന്ദിരം ഏറെ ശോച്യാവസ്ഥയിലായിരുന്നു. മേൽക്കൂരയിലെ സിമന്റും മറ്റും ഇളകി ഏതു നിമിഷവും അപകടമുണ്ടാകാവുന്ന നിലയിലായിരുന്നു മന്ദിരം .സെക്ഷൻ ഓഫീസും സബ് ഡിവിഷൻ ഓഫീസും ഈ പഴയ മന്ദിരത്തിലാണിപ്പോൾ പ്രവർത്തിക്കുന്നത്. അസി. എക്സിക്യൂട്ടീവ് എൻജിനീയറുടെയും അസി. എൻജിനീയറുടേയും ഓഫീസും ഇവിടെത്തന്നെ. പഴയ മന്ദിരത്തിന്റെ വളപ്പിൽത്തന്നെ മൂന്നു മാസം മുമ്പാണ് പുതിയ മന്ദിരത്തിന്റെ നിർമ്മാണം തുടങ്ങിയത്. 40 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.
2200 സ്‌ക്വയർ ഫീറ്റ്
2200 സ്‌ക്വയർ ഫീറ്റിലാണ് പുതിയ രണ്ടു നില മന്ദിരം സ്ഥാപിക്കുന്നത്. താഴെ നിലയിൽ സെക്ഷൻ ഓഫീസും, മുകൾ നിലയിൽ സബ് ഡിവിഷണൽ ഓഫീസും പ്രവർത്തിക്കും. ഇതോടൊപ്പം മീറ്റിംഗുകൾക്കും മറ്റുമായി ഒരു ഹാളുമുണ്ടാകും.
ഇനിയും പണം വേണം
40 ലക്ഷം രൂപയ്ക്ക് മന്ദിരത്തിന്റെ നിർമ്മാണം മാത്രമേ പൂർത്തിയാകൂ. ഫ്ളോറിംഗിനും മറ്റും ഇനിയും പണം ആവശ്യമുണ്ട്. മുഴുവൻ പണികളും പൂർത്തിയാക്കി മെയ് ആദ്യവാരം മന്ദിരത്തിന്റെ ഉദ്ഘാടനം നടത്താനാവുമെന്ന പ്രതീക്ഷയിലാണ് പാലാ വാട്ടർ അതോറിറ്റി അധികാരികൾ. അസി. എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ഐ. കുര്യാക്കോസ്, അസി. എഞ്ചിനീയർ ദീപക് ജോൺസൺ, ഓവർസീയർ അനു ശങ്കർ എന്നിവരുടെ നേതൃത്വത്തിലാണ് പാലാ വാട്ടർ അതോറിറ്റി ഓഫീസിന്റെ പ്രവർത്തനം
ഫോട്ടോ അടിക്കുറിപ്പ്.
പാലാ വാട്ടർ അതോറിറ്റിയുടെ പുതിയ ഓഫീസ് മന്ദിരത്തിന്റെ രണ്ടാം നില വാർക്ക ഇന്നലെ നടന്നപ്പോൾ