വൈക്കം : ഓര് മുട്ടുകൾ യഥാസമയം സ്ഥാപിക്കുന്നതിനാൽ നെൽകൃഷി പ്രതിസന്ധി നേരിടുന്നുവെന്ന് കിസാൻ സഭ. നൂറ് കണക്കിന് ഏക്കർ നെൽകൃഷിയും വാഴകൃഷിയും, ജാതികൃഷിയും ഗുരുതരമായ ഓരുവെള്ള ഭീഷണി നേരിടുകയാണ്. പുത്തൻപാലം, തോട്ടുവക്കം, കണിയാൻതോട് തുടങ്ങിയ ഇടങ്ങളിലും ചില ഉൾനാടൻ കനാലുകളിലും, ഇറിഗേഷൻ വകുപ്പും, ഉദയനാപുരം പഞ്ചായത്തും, കാലകാലങ്ങളായി വളരെ മുൻകൂട്ടിത്തന്നെ ഓരുമുട്ടുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ഈ വർഷം ഓരുവെള്ളം കയറിത്തുടങ്ങിയിട്ടും നടപടികൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ലെന്ന് കിസാൻ സഭ ആരോപിച്ചു. വാഴമന, നോർത്ത്, സൗത്ത്, കണ്ടങ്കേരി, നാറാണത്ത്, വേന്മനാകരി തുടങ്ങിയ ബ്ലോക്കുകളിലെ കർഷകർ ഓരുവെള്ള ഭീഷണി നേരിടുകയാണ്. നനയ്ക്കാൻ ശുദ്ധജലമില്ലാതെ വാഴകർഷകരും ജാതികർഷകരും ഗുരുതര പ്രതിസന്ധി നേരിടുന്നു. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയവും കാലാവസ്ഥ വ്യതിയാനവും മൂലം കടക്കെണിയിലായ കർഷകർക്ക് ഓരുവെള്ള ഭീഷണി കൂടുതൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തിര നടപടി ഉണ്ടാകണമെന്ന് കിസാൻസഭ ഉദയനാപുരം മേഖലാ സെക്രട്ടറി കെ.എം.മുരളീധരൻ ആവശ്യപ്പെട്ടു.