അർദ്ധരാത്രിയിലെ സ്വാതന്ത്യത്തിനായി നിർഭയദിനത്തിൽ 'പൊതു ഇടം എന്റേതെന്ന' മുദ്രാവാക്യമുയർത്തി സ്ത്രീകൾ നടത്തിയ ഒരു മണിക്കൂർ രാത്രി സഞ്ചാരത്തിന് സാക്ഷിയായതിനെക്കുറിച്ചാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത് .മഫ്തിയിലും അല്ലാതെയും പൊലീസ് സുരക്ഷയുണ്ടായിട്ടും ഒറ്റക്ക് നടക്കാൻ നിർഭയദിനത്തിലും പലരും ധൈര്യം കാണിച്ചില്ല. സംഘം ചേർന്നു നടന്നിട്ടും മോശം അനുഭവമുണ്ടായെന്നായിരുന്നു പലരുടെയും പരാതി . ഒരു നഗരസഭാ കൗൺസിലറോട് നഗരഹൃദയത്തിൽ ജില്ലാ ആശുപത്രിക്കു സമീപം ഒരു ഓട്ടോറിക്ഷാക്കാരൻ ഓട്ടോ നിറുത്തി കയറികൊള്ളാൻ പറഞ്ഞുവെന്ന് കൗൺസിലർ പരാതിപ്പെട്ടു. എന്നാൽ പരാതി ലഭിച്ചില്ലെന്നായിരുന്നു പൊലീസ് അറിയിച്ചത്. സ്വയരക്ഷക്ക് നൽകിയ വിസിൽ ഊതി പൊലീസുകാരെ വിളിക്കാനോ ഓട്ടോയുടെ നമ്പർ കുറിക്കാനോ മൊബൈലിൽ പകർത്താനോ കഴിയാതെ പോയതിനാൽ പരാതിക്കു നിലനിൽപ്പില്ലാതായി. ബൈക്കിലെത്തിയ ചിലർ എന്തിനാടീ രാത്രി ഈ പണിക്കിറങ്ങിയതെന്നു ചോദിച്ചുവത്രേ....പലരുടെയും തുറിച്ചു നോട്ടം സഹിക്കാൻ പറ്റാത്ത തരത്തിലായിരുന്നുവെന്നുവെന്നായിരുന്നു പൊതു പരാതി. കെ.എസ്.ആർ.ടിസി സ്റ്റാൻഡിനടുത്ത് മൂന്നു തവണ വിസിലടിച്ചിട്ടും ആരും രക്ഷക്കെത്തിയില്ലെന്നായിരുന്നു ഒരു വനിതാ മാദ്ധ്യമ പ്രവർത്തകയുടെ പരാതി.

രാത്രിയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ല എന്ന ഓർമപ്പെടുത്തലായിരുന്നു ഷാഡോ പൊലീസുകാരുടെയും മറ്റ് വോളർന്റിയർമാരുടെയും സാന്നിദ്ധ്യമുണ്ടായിട്ടും നടത്തിയ രാത്രിയാത്രയിലെ പലരുടെയും അനുഭവം. നഗരത്തിൽ വീടുള്ള വി.ഐ.പികൾ വരെ കൂട്ടിന് ഭർത്താക്കന്മാരും മക്കളുമായിട്ടായിരുന്നു രാത്രി സഞ്ചാരത്തിനിറങ്ങിയതെന്നാണ് നാട്ടുകാരുടെ പറച്ചിൽ .

കോട്ടയത്ത് സന്ധ്യ കഴിഞ്ഞാൽ സ്ത്രീകൾ കൂട്ടമായി പോലും പുറത്തിറങ്ങാൻ ധൈര്യം കാണിക്കാറില്ല. വസ്ത്ര വ്യാപാരശാലകളിലും മറ്റും ജോലി നോക്കുന്ന സ്ത്രീകൾ അവസാന ബസ് പിടിക്കാൻ എട്ടു മണിക്കു മുമ്പേ ഓടുന്നത് ഭയചകിതരായാണ്. വൈകുന്നേരമെത്തുന്ന ട്രെയിൻ വൈകി ഇരുട്ടുവീണാൽ റയിൽവേ സ്റ്റേഷനിലും പേടിച്ചിരിക്കുന്ന സ്ത്രീകളെ കാണാം. വീട്ടുകാർ വന്നു കൊണ്ടുപോകുന്നതിന് കാത്തിരിക്കുന്നവരാണ് ഭൂരിപക്ഷം ആളുകളും. ഈ അവസ്ഥ എന്തുകൊണ്ടുണ്ടായി?

വഴിവിളക്കുകൾ എന്നും പ്രകാശിക്കുന്ന റോഡുകൾ നഗരത്തിൽ തന്നെ കുറവാണ്.പിന്നെ ഉൾപ്രദേശങ്ങളെക്കുറിച്ച് പറയണോ? രാത്രി വഴിവിളക്കുകൾ മുഴുവൻ തെളിക്കാൻ സ്ത്രികൾ ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ടവർക്ക് പോലും കഴിയുന്നില്ല. കടകളിലെ നിയോൺ വെളിച്ചമാണ് പലയിടത്തും ആശ്രയം. എട്ടുമണിയോടെ മിക്ക കടകളും അടയ്ക്കുന്നതോടെ നഗരവും ഇരുട്ടിലാകും. മിക്ക റൂട്ടിലും സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിക്കും. അതിനു മുമ്പേ വീടെത്താനുള്ള പാച്ചിലിലാണ് ജോലിയുള്ള സ്ത്രീകൾ. ഒമ്പതു മണിവരെയെങ്കിലും കടകൾ തുറന്നുവെപ്പിക്കാനോ സ്വകാര്യ ബസ് സർവീസ് നടത്തിക്കാനോ ബന്ധപ്പെട്ടവർക്കാർക്കും കഴിയാറില്ല. വലിയ നഗരങ്ങളിൽ കടകൾ അർദ്ധരാത്രിവരെ തുറന്നിരിക്കും. ലോക്കൽ ട്രെയിനുകളും ബസുകളും അർദ്ധരാത്രിവരെ ഉണ്ടാവും. നഗരമാകെ വൈദ്യുതി തടസം ഒരിക്കലും ഉണ്ടാകാത്ത തരത്തിൽ പകൽ വെളിച്ചം പോലെ പ്രകാശപൂരിതവുമായിരിക്കും. കേരളത്തിൽ മെട്രോ നഗരമായ കൊച്ചിയിൽ പോലും നാളിതുവരെ ഇങ്ങനെ സംഭവിച്ചിട്ടില്ല. ഭയമില്ലാതെ എല്ലാ ദിവസവും രാത്രിയും പകലും സ്ത്രീകൾക്ക് നടക്കാൻ കഴിയുന്ന പൊതു അന്തരീക്ഷമാണ് ആദ്യം ഉണ്ടാക്കേണ്ടത്. ഇതിന് പുരുഷന്മാർക്കും ബോധവത്ക്കരണം വേണം. സാമൂഹിക മാറ്റമോ സ്ത്രീകളുടെ കൂടുതൽ ശാക്തീകരണമോ ഒന്നുമില്ലാതെ രാത്രി നടക്കുന്നവരുടെ സുരക്ഷക്കായുള്ള നടപടികളെല്ലാം സ്വീകരിച്ച ശേഷം സർക്കാർ സ്പോൺസേർഡും അസ്വഭാവികവും കൃത്രിമവുമായ ഒരു മണിക്കൂർ രാത്രി നടത്ത ചടങ്ങുകൊണ്ട് എന്തുഗുണമെന്നുള്ള പ്രശസ്ത എഴുത്തുകാരനായ എൻ.എസ് മാധവന്റെ ചോദ്യമാണ് ചുറ്റുവട്ടത്തിനും ബന്ധപ്പെട്ടവരോട് ചോദിക്കാനുള്ളത്. .