കോട്ടയം: കുട്ടനാട് ഉപതിരഞ്ഞെടുപ്പിലെ സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് എമ്മിൽ ജോസ് -ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കെ, ഒരു മുഴം മുമ്പേ സ്ഥാനാർത്ഥി പട്ടികയൊരുക്കി ജോസ് കളത്തിലിറങ്ങി. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിനു ഐസക്കോ ഡോ. ഷാജോ കണ്ടകുടിയോ സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണമാണ് അവർ നടത്തുന്നത്.
കുട്ടനാട്ടിൽ ജോസ് വിഭാഗത്തിന്റെ നേതൃയോഗം ചേർന്ന് ബൂത്ത് അടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങാൻ തീരുമാനിച്ചു. 13,14 തീയതികളിൽ ചരൽക്കുന്നിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തും. ജില്ലാ പഞ്ചായത്ത് ചമ്പക്കുളം ഡിവിഷൻ അംഗമാണ് ബിനു ഐസക്ക്. കോളേജ് അദ്ധ്യാപകനാണ് ഡോ. ഷാജോ.
2011ൽ പുനലൂർ മണ്ഡലം കോൺഗ്രസിന് നൽകിയപ്പോൾ ഉണ്ടാക്കിയ ധാരണ പ്രകാരം കേരള കോൺഗ്രസിന് കിട്ടിയ സീറ്റാണ് കുട്ടനാട്. കുട്ടനാട് സീറ്റ് തങ്ങൾക്ക് തന്നെ നൽകുമെന്ന് യു.ഡി.എഫ് നേതാക്കൾ ഉറപ്പു നൽകിയെന്നാണ് ജോസ് കെ. മാണിയുടെ അവകാശവാദം. കഴിഞ്ഞ തവണ തോമസ് ചാണ്ടിയോട് മത്സരിച്ച സ്ഥാനാർത്ഥിയെ മുന്നിൽ നിറുത്തി അവകാശവാദം ഉന്നയിക്കാനുള്ള ജോസഫിന്റെ നീക്കങ്ങൾ തടയുകയാണ് ലക്ഷ്യം.
അതേസമയം, തിങ്കളാഴ്ച കൊച്ചിയിൽ ജോസഫ് വിഭാഗം നേതൃയോഗം ചേരുന്നുണ്ട്. കുട്ടനാട് സീറ്റ് സംബന്ധിച്ച് അന്നു ചർച്ച ചെയ്യുമെന്ന് ജനറൽ സെക്രട്ടറി ജോയ് എബ്രഹാം പറഞ്ഞു.