ചങ്ങനാശേരി: തൊഴിലാളികൾക്ക് മിനിമം വേതനം നൽകുന്നുണ്ടോന്നു ലേബർ ഓഫീസർ പരിശോധന നടത്തണമെന്ന് കഴിഞ്ഞദിവസം നടന്ന താലൂക്ക് വികസന സമിതിയോഗത്തിൽ ആവശ്യമുയർന്നു.പറാൽ-കുമരങ്കരി റോഡിൽ മാംസഅവശിഷ്ടങ്ങൾ തള്ളുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നതായി യോഗത്തിൽ പരാതി ഉയർന്നു. പരിശോധന കർശനമാക്കുമെന്നും മാലിന്യം തള്ളിയതടക്കം അഞ്ച് വാഹനങ്ങൾ പിടികൂടി കേസ് പൊലീസിനു കൈമാറിയെന്നും വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചു പെട്രോളിംഗ് നടത്തുമെന്നും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.തെങ്ങണ ജംഗ്ഷനിലെ കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ട് വാട്ടർ അതോറിട്ടിയുടെ സപ്ലൈ പൈപ്പ് അടച്ചതിനാൽ മാസങ്ങളായി മാടപ്പള്ളി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം ലഭിക്കുന്നില്ലെന്നും പരാതി ഉയർന്നു. ഇതിന് ഉടൻ പരിഹാരം കാണുമന്നും പാറേൽപ്പള്ളി മുതൽ മുന്തിരിക്കവല വരെ പൈപ്പ് മാററുന്നതിന് 21 കോടി രൂപയുടെ പ്രോജക്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഇതിനു അനുമതി ലഭിച്ചിട്ടില്ലെന്നും വാട്ടർ അതോറിട്ടി അധികൃതർ അറിയിച്ചു. കെ.എസ്.ടി.പി നിർമ്മിച്ച നടപ്പാതകളിലെ ടൈലുകൾ ഇളകി കിടക്കുന്നത് അപകടഭീഷണിയാവുന്നതായും പരാതി ഉയർന്നു. ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന് സ്ളീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികൾക്കായി ശുചിത്വ മിഷന് റിപ്പോർട്ട് കൈമാറിയിട്ടുണ്ടെന്നും ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു.