പൊൻകുന്നം:കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ മണിമലയിൽ വെയർഹൗസിംഗ് സൗകര്യത്തോടെയുള്ള ആധുനിക മത്സ്യമാർക്കറ്റ് അനുവദിക്കുമെന്ന് ഡോ.എൻ.ജയരാജ് എം .എൽ. എ.അറിയിച്ചു. ചിറക്കടവ്, കാഞ്ഞിരപ്പള്ളി, വെള്ളാവൂർ, മണിമല, വാഴൂർ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ നിലവിലെ മണിമല മാർക്കറ്റിന്റെ സ്ഥലത്താണ് പുതിയത് സ്ഥാപിക്കുന്നത്. പദ്ധതിക്ക് അനുമതിക്കായി കഴിഞ്ഞ നിയമസഭാ സമ്മേളനവേളയിൽ ഫിഷറീസ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നു. അതിന്റെ തുടർ നടപടിയായിട്ടാണ് ഇപ്പോൾ സാങ്കേതികവിദഗ്ദ്ധർ സ്ഥലപരിശോധനയ്ക്ക് എത്തുന്നത്. വിശദമായ പ്രൊപ്പോസൽ തയാറാകുന്ന മുറയ്ക്ക് തുക അനുവദിക്കുമെന്ന് മന്ത്രിയുടെ ഉറപ്പു ലഭിച്ചെന്നും എം.എൽ.എ അറിയിച്ചു.