കോട്ടയം: കോടികൾ മുടക്കിയിട്ടും ശാപമോക്ഷം കിട്ടാത്ത കച്ചേരിക്കടവ് ബോട്ടുജട്ടി അക്ഷരനഗരിക്ക് അപമാനമാകുന്നു. ഒന്നേകാൽ നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള അക്ഷരനഗരിയിലെ പ്രധാനപ്പെട്ട ജലഗതാഗത തീരമാണ് അധികൃതരുടെ മെല്ലെപ്പോക്കും കെടുകാര്യസ്ഥതയും കാരണം അവഗണിക്കപ്പെടുന്നത്. രണ്ടുവർഷം നീണ്ട ഭഗീരഥപ്രയത്നത്തിനൊടുവിൽ അടുത്തിടെ തോട്ടിലെ പോളയും മാലിന്യവും നീക്കംചെയ്ത് തീരത്തെ നടപ്പാതയിൽ തറയോടും പാകി മുഖമൊന്ന് മിനുക്കിയതാണ്. കോട്ടയത്തിന്റെ ജലഗതാഗത ചരിത്രത്തിലെ പഴയപ്രതാപം വീണ്ടെടുക്കുന്നതിനൊപ്പം കുട്ടികളുടെ കളിസ്ഥലവും പാർക്കുമുൾപ്പെടെ ജനങ്ങളുടെ സായാഹ്ന വിശ്രമകേന്ദ്രമാക്കിമാറ്റുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തിയാണ് ജലഗാതഗതവകുപ്പും വിനോദസഞ്ചാര വികസന വകുപ്പും ചേർന്ന് കോടികൾ ചെലവഴിച്ചത്. ഡിസംബർ 15ന് മുമ്പ് പാർക്കിന്റെ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അധികൃതരുടെ വീരവാദം. എന്നാൽ ഡിസംബർ കടന്നുപോയതല്ലാതെ പറഞ്ഞവാക്ക് യാഥാർത്ഥ്യമായില്ല. തോട് പഴയതിലുമേറെ മാലിന്യവാഹിനിയുമായി. പോളയും ജൈവ-അജൈവ മാലിന്യങ്ങളും നിറഞ്ഞ് കറുപ്പ് നിറത്തിൽ കുറുകിക്കിടക്കുന്ന ജലത്തിൽനിന്ന് പുറത്തുവരുന്ന ദുർഗന്ധം മൂലം സമീപവാസികൾ നട്ടം തിരിയുകയാണ്. പട്ടാപ്പകലും രൂക്ഷമായ കൊതുക് ശല്യവുമുണ്ട്. നദി സംയോജനവും മാലിന്യനിർമാർജന യജ്ഞങ്ങളുമൊക്കെയായി മാമാങ്കങ്ങൾ പലത് കഴിഞ്ഞെങ്കിലും കോട്ടയം നഗരപ്രദേശത്തെ ഒരുജലാശയം പോലും ഇനിയും മാലിന്യമുക്തമായിട്ടില്ല. എന്നാലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വർഷംതോറും പുതിയ പദ്ധതികളുണ്ടാക്കി കോടികളുടെ ധനവിനിയോഗം എഴുതിത്തള്ളുന്നുമുണ്ട്. കച്ചേരിക്കടവിൽ മലിനജല സംസ്കരണ പ്ളാന്റ് ഉണ്ടാക്കിയാലെ പ്രശ്നം പരിഹരിക്കാനാകു എന്നാണ് ആസൂത്രണ വിദഗ്ദ്ധരുടെ കണ്ടെത്തൽ. അതിന് ലക്ഷങ്ങൾ വേണമത്രെ. എന്നാൽ തൊട്ടടുത്ത തോട്ടിൽ നിന്ന് ഒന്നൊ രണ്ടോ ലക്ഷംരൂപ ചെലവഴിച്ച് കനാൽ നിർമിച്ചാൽ ബോട്ടുജട്ടിയിലെ മാലിന്യപ്രശ്നം പരിഹരിക്കാനാകുമെന്നാണ് കച്ചേരിക്കടവ് ബോട്ടുജട്ടി ആക്ഷൻ കൗൺസിൽ പറയുന്നത്.
നവീകരണത്തിന് ചെലവഴിച്ചത് : ₹ 8 കോടി
നവീകരണം തുടങ്ങിയത് : 2016ൽ
ബോട്ടുജട്ടി സ്ഥാപിതമായത് : 1888ൽ
'കോട്ടയം നഗരഹൃദ ഭാഗത്തുള്ള കച്ചേരിക്കടവ് ബോട്ടുജട്ടിയുടെ പുനരുദ്ധാരണം വൈകുന്നത് നിരാശജനകമാണ്. നഗരത്തിലെ ഓടകളിലൂടെ ഒഴുകിവരുന്ന മലിനജലം സംസ്കരിക്കാൻ ട്രീറ്റ് മെന്റ് പ്ലാന്റ് സ്ഥാപിച്ചാലെ പ്രശ്നം പരിഹരിക്കാനാകു എന്ന് പറയുന്നത് ശരിയല്ല. കെട്ടിക്കിടക്കുന്ന ജലം ഒഴുകിപ്പോകാൻ സാഹചര്യമുണ്ടായാൽ മാലിന്യപ്രശ്നം തീരും. അതിന് പുത്തനങ്ങാടി തോട്ടിൽ നിന്ന് കച്ചേരിക്കടവിലേക്ക് ഒരുകനാൽ നിർമ്മിച്ചാൽ മതി. ഏറിയാൽ രണ്ട് ലക്ഷംരൂപയുടെ ചെലവുമാത്രമെ അതിനുണ്ടാകു. നിസാരമായി തീർക്കാവുന്ന പ്രശ്നങ്ങൾക്ക് അനാവശ്യ കാലതാമസമുണ്ടാക്കി വികസനം തടസപ്പെടുത്തുന്ന സമീപനമാണ്. പ്രദേശവാസികൾ പ്രതികരിക്കാത്തതാണ് അധികൃതരുടെ നിസംഗതയ്ക്ക് കാരണം'.
:- എൻ.കെ. സാനുജൻ, സെക്രട്ടറി, കച്ചേരിക്കടവ് ബോട്ടുജട്ടി ആക്ഷൻ കൗൺസിൽ