കോട്ടയം: ഔദ്യോഗിക സ്ഥാനത്തിരുന്നുകൊണ്ട് പാർട്ടിക്കെതിരെ പരസ്യപ്രസ്താവന നടത്തിയ സുഭാഷ് വാസുവിനെ പുറത്താക്കണമെന്ന് ബി.ഡി.ജെ.എസ് കോട്ടയം ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. പാർട്ടിയെയും നേതാക്കളെയും ജനമദ്ധ്യത്തിൽ അപകീർത്തിപ്പെടുത്താൻ നടത്തുന്ന കുത്സിത ശ്രമത്തിന്റെ ഭാഗമാണ് സുഭാഷ് വാസുവിന്റെ അനാവശ്യ പ്രസ്താവനയെന്നും യോഗം വിലയിരുത്തി. പാർട്ടിയുടെ ഭാഗമായി നിന്നുകൊണ്ട് നേടിയെടുത്ത സ്ഥാനങ്ങൾ സുഭാഷ് വാസു ത്യജിക്കണമെന്നും ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയ്ക്ക് കോട്ടയം ജില്ലാഘടകത്തിന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം ജില്ലാ കൗൺസിൽ പാസാക്കി. ജില്ലാ സെക്രട്ടറി കെ.പി. സന്തോഷ് അവതരിപ്പിച്ച പ്രമേയത്തെ വൈസ് പ്രസിഡന്റ് ഷാജി അറയ്ക്കൽ പിന്താങ്ങി. ജില്ലാ പ്രസിഡന്റ് എം.പി സെൻ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ എ.ജി. തങ്കപ്പൻ, സംസ്ഥാന സെക്രട്ടറിന്മാരായ അഡ്വ. കെ.എം. സന്തോഷ് കുമാർ, നീലകണ്ഠൻ മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡന്റുന്മാരായ ഷാജി അറയ്ക്കൽ, ശ്രീനിവാസ് പെരുന്ന, ലാലിറ്റ് എസ്. തകടിയേൽ, ജില്ലാ സെക്രട്ടറിമാരായ പി. അനിൽകുമാർ, എൻ.കെ. രമണൻ, കെ.പി. സന്തോഷ്, ഷൈലജാ രവിന്ദ്രൻ, രാജു കാലായിൽ, ജില്ലാ ട്രഷറർ ഇ.ഡി. പ്രകാശൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ റിജേഷ് സി. ബ്രീസ്‌വില്ല, ഷാജി ശിവം, കെ.എൻ. രവിമോൻ, സുധാമോഹൻ തുടങ്ങിയവർ സംസാരിച്ചു.