വൈക്കം: ചാത്തൻകുടി ദേവീക്ഷേത്രത്തിൽ ഏഴ് ദിവസം നടന്ന കനകധാരായജ്ഞവും ലക്ഷാർച്ചനയും ഇന്ന് വൈകിട്ട് സമാപിക്കും. രാവിലെ മഹാസുകൃതഹോമത്തിനു ശേഷം 11ന് തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ ഉച്ചപൂജയ്ക്ക് കലശാഭിഷേകം നടത്തും. വൈകിട്ട് 5ന് വേല എഴുന്നള്ളിപ്പ്, വേലകളി നടക്കും. തേരൊഴി രാമക്കുറുപ്പ് സംഘത്തിന്റെ നേതൃത്വത്തിൽ മേജർസെറ്റ് പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് വേലകളി നടത്തുന്നത്. ഉച്ചയ്ക്ക് 12ന് ലക്ഷാർച്ചനയും കനകധാരയും പൂർത്തിയാക്കി കലശം എഴുന്നള്ളിപ്പ് ക്ഷേത്രത്തിനു പ്രദക്ഷിണം വയ്ക്കും. ഇന്ന് രാവിലെ തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ മഹാശനീശ്വരപൂജ നടത്തി. പുലർച്ചെ കടിയക്കോൽ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കലശപൂജ നടത്തി. തുടർന്ന് ലക്ഷാർച്ചനയും കനകധാരായജ്ഞവും നടന്നു. ഇ. വി. ചന്ദ്രൻ നമ്പൂതിരി, ഇ. വി. പരമേശ്വരൻ നമ്പൂതിരി, തൃപ്പൂണിത്തുറ ശങ്കരൻ നമ്പൂതിരി, പെരുവ നാരായണൻ നമ്പൂതിരി, ഇരുമ്പനം കൃഷ്ണൻ ഭട്ടതിരി, ശശിധരൻ നമ്പൂതിരി, ശങ്കരൻ നമ്പൂതിരി, ഹരിനമ്പൂതിരി, വിനോദ് നമ്പൂതിരി, ഉണ്ണി നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, പ്രമോദ് നമ്പൂതിരി, ശ്രീജിത്ത് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ലക്ഷാർച്ചന.