കോട്ടയം: ചുറ്രുമതിലിൽ നിന്ന് കാൽവഴുതി കിണറ്റിൽ വീണയാളെ അയൽവാസിയും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷപെടുത്തി. മാന്നാനത്ത് വാടകവീട്ടിൽ താമസിക്കുന്ന പെരുമ്പായിക്കാട് സ്വദേശി സോണിയ ഭവനിൽ ജോൺ ക്രിസ്റ്റഫർ (50) ആണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്തെ കിണറിന്റെ ചുറ്രുമതിലിൽ ഇരിക്കുകയായിരുന്ന ജോൺ ക്രിസ്റ്റഫർ അബദ്ധത്തിൽ കാൽവഴുതി വീഴുകയായിരുന്നു. 30 അടി താഴ്ചയുള്ള കിണറിൽ 12 അടിയോളം വെള്ളമുണ്ടായിരുന്നു. സംഭവം അറിഞ്ഞ് ഓടിയെത്തിയ അയൽവാസി കിണറ്റിൽ ഇറങ്ങി ജോണിനെ താങ്ങിപ്പിടിച്ചുകൊണ്ടിരുന്നു. അതിനിടെ നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് കോട്ടയത്തുനിന്ന് സ്റ്റേഷൻ ഓഫീസർ കെ.വി. ശിവദാസ്, ലീഡിംഗ് ഫയർമാൻ സി.എഫ്. ഉദയഭാനു എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. എണിയും വലയും ഉപയോഗിച്ച് ജോണിനെ കരയ്ക്കുകയറ്റി അഗ്നിരക്ഷാസേനയുടെ ആബുലൻസിൽതന്നെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ല.