manja
കോട്ടയം ഡി.സി.സി ഓഫീസിൽ നടന്ന ജില്ലാ യു.ഡി.എഫ് നേതൃ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുന്ന കേരളാകോൺഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞകടമ്പലിനെ തടയുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.ജില്ലാ കൺവീനർ ജോസി സെബാസ്റ്റ്യൻ,മഹിളാ കോൺഗ്രസ് സംസ്ഥാന ആദ്യക്ഷ ലതികാ സുഭാഷ് തുടങ്ങിയവർ സമീപം

കോട്ടയം: നിയമസഭാ ഉപതിരഞ്ഞെടുപ്പിന് നിലമൊരുങ്ങുന്ന കുട്ടനാട്ടിൽ ജോസ് കെ. മാണിയെ വെട്ടി അവകാശവാദം ഉന്നയിക്കുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഉടക്കിൽ കലങ്ങി യു.ഡി.എഫ് ജില്ലാ നേതൃയോഗം. ജോസ് കെ. മാണിയുമായി ഒന്നിച്ചിരിക്കാനാകില്ലെന്നു പ്രഖ്യാപിച്ച്, തിരുവഞ്ചൂർ രാധാകൃഷ്ണനും കെ.സി. ജോസഫും ഉൾപ്പെടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത യോഗത്തിൽ നിന്ന് ജോസഫ് പക്ഷം ഇറങ്ങിപ്പോയി.

തദ്ദേശ സ്ഥാപനങ്ങളിൽ യു.ഡിഎഫ് ഉണ്ടാക്കിയ ധാരണ ജോസ് പക്ഷം ലംഘിച്ചിട്ടും കോൺഗ്രസ് ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ബഹിഷ്കരണം. പി.ജെ. ജോസഫിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇറങ്ങിപ്പോക്കെന്ന് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ പറഞ്ഞു.

പൗരത്വ നിയമ ഭേഗഗതിക്കെതിരെ ജില്ലാതല പ്രതിഷേധ പരിപാടികൾ ചർച്ച ചെയ്യാനായിരുന്നു യോഗം. ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ യു.ഡി.എഫ് ധാരണ ലംഘിച്ച ജോസ് വിഭാഗത്തിനെതിരെ നടപടി സ്വീകരിക്കുന്നത് ആദ്യം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് യോഗാരംഭത്തിൽത്തന്നെ ജോസഫ് വിഭാഗം ഉടക്കി. ഇടതുപക്ഷവുമായി ഒത്തുകളിക്കുന്ന ജോസ് വിഭാഗവുമായി ഒന്നിച്ച്‌ യോഗത്തിനിരിക്കില്ലെന്നും പ്രഖ്യാപിച്ചു. ജോസ് വിഭാഗവും കോൺഗ്രസ് നേതാക്കളും പ്രതികരിച്ചതോടെ പ്രശ്നം കയ്യാങ്കളിയുടെ വക്കിലെത്തി.

തിരുവഞ്ചൂർ രാധാകൃഷ്ണനും ജോസി സെബാസ്റ്റ്യനും അടക്കം കോൺഗ്രസ് നേതാക്കൾ ജോസഫ് പക്ഷത്തിന്റെ നിലപാടിൽ ക്ഷുഭിതരായി സംസാരിക്കുന്നതിനിടെയായിരുന്നു ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ ഇറങ്ങിപ്പോക്ക്. യോഗം ബഹളത്തിൽ മുങ്ങിയതോടെ മാദ്ധ്യമപ്രവർത്തകരെ ഡി.സി.സി ഹാളിൽ നിന്ന് ഇറക്കിവിട്ടു. യോഗത്തിൽ തങ്ങൾ പ്രശ്നമുണ്ടാക്കുമെന്ന് നേരത്തെ അറിയിച്ച് ചാനൽ സംഘത്തെ വിളിച്ചു കൊണ്ടുവന്നത് ജോസഫ് വിഭാഗമാണെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.

ജോസ് വിഭാഗക്കാരനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ആറു മാസത്തിനു ശേഷം ജോസഫ് വിഭാഗത്തിനായി രാജിവയ്‌ക്കാൻ യു.ഡി.എഫ് ധാരണ ഉണ്ടാക്കിയിരുന്നു. ചങ്ങനാശേരി നഗരസഭാ ചെയർമാൻ ഡിസംബർ 30ന് രാജിവയ്ക്കുമെന്ന് ജോസ് കെ. മാണി കഴിഞ്ഞ യു.ഡിഎഫ് യോഗത്തിൽ പ്രഖ്യാപിച്ചിരുന്നു. ഇരുവരും ഇതുവരെ രാജിവച്ചില്ല.

കാഞ്ഞിരപ്പള്ളി ബ്ലോക്കിലും ജോസ് വിഭാഗം യു.ഡി.എഫ് ധാരണ പാലിച്ചില്ല.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ജോസഫിന്റെ നിർദ്ദേശപ്രകാരം ജില്ലാ നേതാക്കളുടെ ഇറങ്ങിപ്പോക്ക്. ധാരണകൾ പാലിക്കുന്നതു വരെ മുന്നണി യോഗത്തിൽ പങ്കെടുക്കില്ലെന്നും സജി മഞ്ഞക്കടമ്പിൽ പറഞ്ഞു. അതേസമയം, തർക്കങ്ങൾ ഉടൻ പരിഹരിക്കുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി പിന്നീട് പ്രതികരിച്ചു.