പാലാ: പാലായിലെ വാട്ടർ അതോറിട്ടിക്കാരെ, പൊതുജനത്തെ നിങ്ങൾ ഈ വിധം ദ്രോഹിക്കരുതേ.... കുടിവെള്ളം തന്നില്ലെങ്കിലും വേണ്ടില്ല, തട്ടി ആറ്റിൽ വീഴിക്കല്ലേ .... ' പാലാ വലിയ പാലം കാൽനടയായി കടക്കുന്നവരുടെ പ്രാർത്ഥനയാണിത്. ദിവസേന ആയിരക്കണക്കിനു കാൽനടയാത്രക്കാർ സഞ്ചരിക്കുന്ന വലിയ പാലത്തിന്റെ ഫുട്പാത്തിലാണ് വാട്ടർ അതോറിട്ടി പൈപ്പ് കെണി ഒരുക്കിയിരിക്കുന്നത്.
പുതിയ പാലത്തിന്റെ ഫുട്പാത്തിലെ തുടക്കം മുതൽ ഒടുക്കം വരെ പഴയ വലിയ പൈപ്പുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്. പൈപ്പിൽ തട്ടാതിരിക്കാൻ ഫുട്പാത്തിലൂടെ വളരെ സൂക്ഷിച്ചു വേണം നടക്കാൻ. വിദ്യാർത്ഥികളടക്കം നിരവധി പേരാണ് ഈ ഫുട്പാത്തിലെ പൈപ്പുകൾക്കിടയിലൂടെ നിത്യവും നടക്കുന്നത്. ശബരിമലയ്ക്കുള്ള കാൽനട തീർത്ഥാടകരും നിരവധിയാണ്. കത്തീഡ്രലിലേക്കുള്ള രാക്കുളി തിരുനാളിന് പങ്കെടുക്കാനും കാൽ നടയായി നിരവധി വിശ്വാസികൾ പാലം കടന്ന് പോവുകയും വരികയും ചെയ്യുന്നു. ഇന്നലെ വൈകിട്ട് തിരുനാൾ പ്രദക്ഷിണം കടന്നു വന്നപ്പോൾ ഇതിൽ അണിചേർന്ന പലരുടെയും കാലുകൾ ഈ പൈപ്പുകളിൽ തട്ടിയിരുന്നു. ഫുട്പാത്തിൽ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നതു മൂലം യാത്രക്കാർ പലപ്പോഴും പാലത്തിലെ ടാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നതും അപകട ഭീതിയുണർത്തുന്നു.
വലിയ പാലത്തിലൂടെ ജല വിതരണത്തിനുപയോഗിച്ചിരുന്ന പഴയ പൈപ്പുകൾ പൊട്ടിയിരുന്നതിനാൽ ഇവ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിച്ചത് മാസങ്ങൾക്കു മുമ്പാണ്. എന്നിട്ടും പഴയ പൈപ്പുകൾ നീക്കാതെ ഫുട്പാത്തിൽ തള്ളി സ്ഥലം വിടുകയായിരുന്നൂ വാട്ടർ അതോറിട്ടി അധികാരികൾ എന്നാണാക്ഷേപം. പുത്തൻപള്ളിക്കുന്നിലെ വാട്ടർ അതോറിട്ടിയുടെ സ്വന്തം സ്ഥലത്തേയ്‌ക്കെങ്കിലും പൈപ്പുകൾ നീക്കിക്കൂടേ എന്ന കാൽനടയാത്രക്കാരുടെ ചോദ്യത്തിന് അധികാരികൾക്ക് മറുപടിയുമില്ല.
എത്രയും വേഗം പൈപ്പുകൾ മാറ്റാൻ നിർദ്ദേശിക്കും
വലിയ പാലത്തിലെ ഫുട്പാത്തിൽ കാൽനട യാത്രക്കാർക്ക് അപകടമുണ്ടാക്കും വിധം കൂട്ടിയിട്ട പൈപ്പുകൾ എത്രയും വേഗം നീക്കാൻ ഇന്നു തന്നെ വാട്ടർ അതോറിട്ടി അധികാരികൾക്ക് നിർദ്ദേശം നൽകും -- മേരി ഡൊമിനിക്, നഗരസഭ ചെയർപേഴ്സൺ
അധികൃതർക്കെതിരെ കേസെടുക്കണം
വലിയ പാലത്തിലെ പൈപ്പിൽ കാൽ തട്ടി ആർക്കെങ്കിലും അപകടം സംഭവിച്ചാൽ പാലായിലെ വാട്ടർ അതോറിട്ടി അധികാരികൾക്കെതിരെ കേസെടുക്കണം. ഇക്കാര്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിലും പെടുത്തും
--
ബിജു പുളിക്കക്കണ്ടം .
പൊതു പ്രവർത്തകൻ