അയർക്കുന്നം: മഹാത്മ കോളനി നിവാസികളുടെ 49 വർഷം നീണ്ട കാത്തിരിപ്പും പ്രയത്‌നവും ഒടുവിൽ ഫലമണിഞ്ഞു. ഇവിടത്തെ 37ൽ 31 കുടുംബങ്ങൾക്കും വൈക്കം നാനാടത്ത് നടന്ന പട്ടയ മേളയിൽ പട്ടയം ലഭിച്ചു.
അയർക്കുന്നം ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിലാണ് കോളനി.
കോളനി 2018ലെ പ്രളയത്തിൽ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയപ്പോൾ സന്ദർശിക്കാനെത്തിയ വനം മന്ത്രി കെ. രാജുവിനോട് ഇവർ തങ്ങളുടെ ദുരിതങ്ങൾ വിശദീകരിച്ചിരുന്നു. പട്ടയം നൽകുന്നതിനുള്ള തടസ്സങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന അന്നത്തെ ജില്ലാ കളക്ടർ ഡോ ബി.എസ്. തിരുമേനിക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന മോനിമോൾക്കും മന്ത്രി നിർദേശം നൽകി.
ഇതേത്തുടർന്ന് റവന്യു വകുപ്പ് സ്വീകരിച്ച അതിവേഗ നടപടികളിലൂടെയാണ് കോളനിക്കാർക്ക് ഭൂമിയുടെ അവകാശ രേഖ ലഭിച്ചത്. മതിയായ രേഖകളുടെ അഭാവത്തിൽ ആറ് കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സാധിച്ചില്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, അംഗം മോനിമോൾ എന്നിവരുടെ നേതൃത്വത്തിൽ എല്ലാവരും ഒന്നിച്ചെത്തിയാണ് പട്ടയം വാങ്ങിയത്.