ചങ്ങനാശേരി: ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴ്‌ന്നതോടെ താലൂക്കിലെ ഉയർന്ന പ്രദേശങ്ങൾ കടുത്ത ജലക്ഷാമത്തിലേക്ക്. മാടപ്പള്ളി,തൃക്കൊടിത്താനം, പായിപ്പാട്,കുറിച്ചി ഗ്രാമപഞ്ചായത്തുകളിലാണ് ഭൂഗർഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നത്. താലൂക്കിലെ കൈത്തോടുകളും ചെറിയ ജലാശയങ്ങളും വറ്റിവരളാൻ തുടങ്ങിയതോടെ കുടിവെള്ളത്തിനായി ജനങ്ങൾ അലയുന്ന അവസ്ഥയാണുള്ളത്. ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയിട്ടുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നുമില്ലെന്ന പരാതിയും ഉയരുന്നുണ്ട്. വാഴ ഉൾപ്പെടെയുള്ള കൃഷിയിടങ്ങളെ കടുത്ത വേനൽച്ചൂട് ബാധിച്ചത് കൃഷിക്കാരേയും പ്രതിസന്ധിയിലാക്കി . നഗരത്തിലുൾപ്പെടെയുള്ള പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം കൂടിവരികയാണ്. ചില പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ചെറുകിട ജലപദ്ധതികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട രീതിയിലല്ല ഇവയുടെ പ്രവർത്തനമെന്നാണ് ആക്ഷേപം. ജല അതോറിട്ടിയുടെ പൈപ്പുകൾ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടില്ല. ഇതിന് പുറമെയാണ് കുടിവെള്ള വിതരണ പ്രധാന ലൈനുകളിലെ പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളവും നഷ്ടപ്പെടുന്നത്. പൈപ്പ് പൊട്ടുമ്പോഴും ഇവ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. ജലക്ഷാമം പരിഹരിക്കാൻ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പിലാക്കണമെന്ന ആവശ്യം ശക്തമാണ്.