വൈക്കം: ഇടയാഴം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു സമീപം പെട്ടിക്കട ഭാഗികമായി കത്തി നശിച്ചു.
ഇടയാഴം സജി നിവാസിൽ നാരായണന്റെ കടയാണ് ശനിയാഴ്ച രാത്രി കത്തി നശിച്ചത്. രാത്രി 7.45 ഓടെ കട കത്തുന്നതു നാട്ടുകാരാണ് കണ്ടത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് തീ അണച്ചു.കടയ്ക്കുള്ളിലെ പാചക വാതക സിലിണ്ടർ ഫയർഫോഴ്‌സ് വേർപെടുത്തി മാറ്റി. രക്ഷാപ്രവർത്തനം ഉടനടി നടന്നതിനാൽ സമീപത്തെ ട്രാൻസ്‌ഫോർമറിലേയ്ക്ക് തീ പടർന്നില്ല. 40000 രൂപയുടെ നഷ്ടം സംഭവിച്ചതായി കട ഉടമ പറഞ്ഞു. ശാരീകമായി അവശതയുള്ള നാരായണൻ കുടുംബശ്രീയുടെ ധനസഹായത്തോടെയാണ് കടനടത്തുന്നത്. കട കത്തിയതിനു പിന്നിൽ സാമൂഹ്യ വിരുദ്ധരാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നാരായണൻ വൈക്കം പൊലീസിൽ പരാതി നൽകി.