കുലശേഖരമംഗലം: വില്ലേജ് ഓഫീസിനോടനുബന്ധിച്ച് നിർമ്മാണം പൂർത്തീകരിച്ച റവന്യു ക്വാർട്ടേഴ്‌സ് റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഏത് അടിയന്തിര സാഹചര്യത്തിലും രാപ്പകൽ ഭേദമെന്യേ പ്രവർത്തിക്കുന്ന വകുപ്പ് ജീവനക്കാർ സംതൃപ്തമായ സേവന സാഹചര്യം അർഹിക്കുന്നവരാണെന്ന് മന്ത്രി പറഞ്ഞു. ജോലി സ്ഥലത്തു തന്നെ ഇവർക്ക് സ്റ്റാഫ് ക്വാർട്ടേഴ്‌സ് ലഭ്യമാക്കണമെന്നതാണ് സർക്കാരിന്റെ കാഴ്ചപ്പാട്. ഇതിനാവശ്യമായ പണം ബഡ്ജറ്റിൽ വകയിരുത്തുന്നതിന് നടപടി സ്വീകരിക്കും, അദ്ദേഹം കൂട്ടിച്ചേർത്തു.

കുലശേഖര മംഗലം വില്ലേജ് ഓഫീസിന്റെ നവീകരണത്തിന് നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി. 50 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ക്വാർട്ടേഴ്‌സിൽ രണ്ട് കുടുംബങ്ങൾക്ക് താമസിക്കുന്നതിനുള്ള സൗകര്യമുണ്ട്. 161.88 ചതുരശ്രമീറ്റർ വിസ്തൃതിയുള്ള കെട്ടിടത്തിൽ രണ്ട് വീതം കിടക്ക മുറികൾ, സ്വീകരണ മുറികൾ,ഊണ് മുറികൾ, അടുക്കള തുടങ്ങിയവ സജ്ജീകരിച്ചിരിക്കുന്നു. പൊതുമരാമത് വകുപ്പ് കെട്ടിട വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല. വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.കെ. സുധീർബാബു, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ. ജയകുമാരി, മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ഹരിക്കുട്ടൻ, വൈസ് പ്രസിഡന്റ് കെ.ബി രമ എന്നിവർ സംസാരിച്ചു. തദ്ദേശ സ്ഥാപന ജന പ്രതിനിധികളായ വി. ഭാസ്‌ക്കരൻ, കെ.എസ്. വേണുഗോപാൽ, അഡ്വ.പി.വി. കൃഷ്ണകുമാർ, പി.കെ മല്ലിക, എ.ഡി.എം അലക്‌സ് ജോസഫ്, ഡെപ്യൂട്ടി കളക്ടർ മാരായ ടി.കെ. വിനീത്, പി.പി. ഹേമലത ഹുസൂർ ശിരസ്തദാർ ബി.അശോക് ,തഹസിൽദാർ എസ്. ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.