കോട്ടയം : കുമരകത്ത് ഞായറാഴ്ച പുലർച്ചെ വീടുകൾ ആക്രമിക്കുകയും വാഹനങ്ങൾ തല്ലിത്തകർക്കുകയും വള്ളം കെട്ടഴിച്ച് കായലിലേക്ക് തള്ളിവിടുകയും ചെയ്ത സംഭവത്തിൽ പ്രതികളെക്കുറിച്ച് സൂചനയില്ലാതെ പൊലീസ്. ഇന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ആരംഭിക്കുമെന്ന് കുമരകം പൊലീസ് വ്യക്തമാക്കി. കുമരകം, വൈക്കം പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലാണ് ആക്രമണങ്ങൾ അരങ്ങേറിയത്. കൊക്കോതോട്ടം ഷാപ്പിനുസമീപം താമസിക്കുന്ന ചിറത്തല ലീലാമ്മയുടെ വീട്ടുമുറ്റത്ത് കിടന്ന കാറിന്റെ ചില്ലുകൾ ആക്രമികൾ തകർത്തു. ഇതിനു സമീപം ആശാരിമറ്റം കോളനിയിൽ ഇന്ദിരാ സതീശന്റെ വീടും ആക്രമിച്ചു. ജനൽചില്ലുകൾ എറിഞ്ഞു തകർത്ത സംഘം ഭീഷണി മുഴക്കിയശേഷമാണ് കടന്നത്. ബണ്ട് റോഡിന് സമീപം പാർക്ക്ചെയ്തിരുന്ന 'ശ്രീഭദ്ര' ബസിന്റെ ചില്ലുകളും എറിഞ്ഞ് തകർത്തു. വേമ്പനാട്ടുകായലിൽ കെട്ടിയിട്ടിരുന്ന കൊച്ചുപറമ്പിൽ ഷിബിയുടെ വള്ളത്തിന്റെ കെട്ട് അഴിച്ച് കായലിലേക്ക് തള്ളിവിട്ടു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വള്ളമായിരുന്നു ഇത്. വള്ളം തിരിച്ചുകിട്ടിയെങ്കിലും വലയും കഴുക്കോലും തുഴയും നഷ്ടപ്പെട്ടു. കുറച്ചുനാളായി കുമരകത്തും പരിസര പ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ ശല്യം വർദ്ധിക്കുന്നതായി നാട്ടുകാർ പറഞ്ഞു.