കോട്ടയം : ഒന്നിന് പിന്നാലെ ഒന്നായി ഉത്തരവുകൾ മാറി വന്നതോടെ മുൻഗണനാ വിഭാഗങ്ങൾക്ക് ഉൾപ്പെടെ ഡിസംബറിലെ മണ്ണെണ്ണ വിതരണം അവതാളത്തിലായി. പലേടത്തും കടയുടമകളും കാർഡുടമകളുമായി വാക്കേറ്റവും തർക്കവുമുണ്ടായി.
മുൻഗണനേതര സബ്‌സിഡി രഹിത കാർഡുകൾക്ക് (വെള്ള കാർഡ്) ഒഴികെ എല്ലാ കാർഡുകൾക്കും മണ്ണെണ്ണ അനുവദിച്ചാണ് ആദ്യം ഉത്തരവിറങ്ങിയത്. എന്നാൽ, മുൻഗണനാ വിഭാഗങ്ങൾക്ക് വിതരണം ചെയ്യാനുള്ള മണ്ണെണ്ണ പോലും പല കടകളിലും ലഭിച്ചില്ല. ഇതോടെ മുൻഗണന വിഭാഗം കാർഡുകൾക്ക് മാത്രമായി പല കടകളിലും ആദ്യം മണ്ണെണ്ണ വിതരണം ചെയ്തു.
27 ന് പുതിയ സർക്കുലർ എത്തി. മുൻഗണന കാർഡുകൾക്ക് പതിവുപോലെ വിതരണം ചെയ്യാനും മുൻഗണനേതര സബ്‌സിഡി കാർഡുകളെ ഒഴിവാക്കിയും മുൻഗണനേതര സബ്‌സിഡി രഹിത കാർഡുകൾക്ക് വില കൂട്ടി നൽകിയും മണ്ണെണ്ണ വിതരണം ചെയ്യാനായിരുന്നു നിർദേശം.

(മുൻഗണന വിഭാഗങ്ങൾക്ക് ലിറ്ററിന് 40 രൂപയ്ക്കും വെള്ള കാർഡുടമകൾക്ക് 43 രൂപ നിരക്കിലും). വെള്ള കാർഡുടമകൾ റേഷൻ കടകളിലേയ്ക്ക് മണ്ണെണ്ണയ്ക്കായി എത്തിയതോടെ പലേടത്തും രണ്ടു മൂന്നു ദിവസം കൊണ്ടു മണ്ണെണ്ണ തീർന്നു. ഡിസംബർ അവസാന ദിവസങ്ങളിൽ മുൻഗണന വിഭാഗങ്ങൾക്ക് മണ്ണെണ്ണ ലഭിച്ചില്ല. നീല കാർഡുടമകളെ അവഗണിച്ചെന്ന പരാതിയുമുയർന്നു.

അനുവദിച്ചത് 3 മാസത്തേയ്ക്ക്

ഒക്ടോബർ, നവംബർ,​ ഡിസംബർ മാസങ്ങളിലേയ്ക്കാണ് മണ്ണെണ്ണ അനുവദിച്ചിരുന്നത്. രണ്ട് മാസത്തിലും എല്ലാ കാർഡുകൾക്കും വിതരണം ചെയ്ത ശേഷമാണ് കഴിഞ്ഞ മാസം ആകെ ആശയക്കുഴപ്പത്തിലായത്.

'' മണ്ണെണ്ണ ആവശ്യത്തിന് ലഭ്യമല്ലാതിരുന്നതും വ്യാപാരികളെ വലച്ചു. ഈ മാസത്തെ റേഷൻ മണ്ണെണ്ണ എല്ലാ വിഭാഗം കാർഡുകൾക്കും അനുവദിച്ചേക്കും. മണ്ണെണ്ണയുടെ വില ഉയരുന്നത് സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്'

- ശിശുപാലൻ,​ വ്യാപാരി