ആനിക്കാട് : എരുമേലി പേട്ടകെട്ടിനെത്തുന്ന ആലങ്ങാട് സംഘത്തിന്റെ പേട്ടപ്പുറപ്പാട് അയ്യപ്പൻവിളക്ക് രഥഘോഷയാത്ര ഇന്ന് ആനിക്കാട് മൂഴയിൽ ശങ്കരനാരായണക്ഷേത്രത്തിലെത്തും. സമൂഹപെരിയോർ രാജപ്പൻനായർ കുന്നുകര, വെളിച്ചപ്പാട് കാമ്പിള്ളിൽ വേണുഗോപാലൻ, സുരേഷ് കുറ്റിപ്പുഴ, വിനോദ് ചന്ദ്രത്തിൽ, മോഹനചന്ദ്രൻ കുന്നുകര എന്നിവർ നേതൃത്വം നൽകും. 3ന് ആലങ്ങാട്ടുനിന്നും ആരംഭിച്ച രഥഘോഷയാത്രയ്ക്ക് കണ്ഠരര് മോഹനരരുടെ ഭാര്യ ആശാ മോഹനരര് ഭദ്രദീപം തെളിച്ചു. ശബരിമല മുൻ മേൽശാന്തിമാരായ ആത്രശ്ശേരി രാമൻനമ്പൂതിരി, ഇ.എൻ. ശങ്കരൻനമ്പൂതിരി, വരിക്കാശ്ശേരിമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, എടമന ദാമോദരൻപോറ്റി ,വി.എൻ. ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവർ അനുഗ്രഹ പ്രഭാണം നടത്തി. ഇന്നലെ ജില്ലയിലെത്തിയ സംഘം മോനിപ്പള്ളി ഭഗവതി ക്ഷേത്രത്തിൽ പാനകപൂജയും അന്നദാനവും നടത്തി. ഇന്ന് രാവിലെ മോനിപ്പള്ളിയിൽനിന്നാരംഭിക്കുന്ന രഥഘോഷയാത്ര വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങളേറ്റുവാങ്ങി 11 മണിയോടെ ആനിക്കാട് കാഞ്ഞിരമറ്റം മൂഴയിൽ ശങ്കരനാരായണക്ഷേത്രത്തിലെത്തും. വൈകിട്ട് 6ന് പാനകപൂജയും അന്നദാനവും നടത്തും. നാളെ രാവിലെ ആനിക്കാട് ശങ്കരനാരായണക്ഷേത്രത്തിൽനിന്നും രഥഘോഷയാത്ര ആരംഭിക്കും. കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിലെത്തുന്ന സംഘം വൈകിട്ട് പാനകപൂജയും അന്നദാനവും നടത്തും. 9ന് ഉദിത്യാമല ക്ഷേത്രത്തിലാണ് രഥഘോഷയാത്ര എത്തുന്നത്. 10ന് കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലെത്തും വൈകിട്ട് പാനകപൂജയും അന്നദാനവും നടത്തിയതിനുശേഷം കടപ്പാട്ടുരിൽനിന്നും പുറപ്പെടുന്ന രഥഘോഷയാത്ര എരുമേലിയിലെത്തും 11ന് എരുമേലിയിൽ പീഠം വെയ്ക്കലും പാനകപൂജയും നടത്തും.12ന് രാവിലെയാണ് എരുമേലിയിൽ ആലങ്ങാട് സംഘത്തിരന്റെ പേട്ടതുള്ളൽ.