കോട്ടയം : തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് വരുന്ന കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് കേരള കോൺഗ്രസ് ജോസഫ്-ജോസ് വിഭാഗങ്ങൾ ഇന്നലെ വീണ്ടും കൊമ്പ് കോർത്തു.
കോട്ടയത്തു ജോസ് കെ. മാണിയും കൊച്ചിയിൽ പി.ജെ ജോസഫും യോഗം വിളിച്ചാണ് സീറ്റിനായി പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചത്.
ഇതോടെ,പാലാ ഉപതിരഞ്ഞെടുപ്പിനു സമാനമായ പ്രതിസന്ധിയാണ് കുട്ടനാട്ടിലും യു .ഡി .എഫ് നേരിടുന്നതെന്ന് ഉറപ്പായി .തർക്കം തുടർന്നാൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഇരു വിഭാഗങ്ങളും അവകാശ വാദം ശക്തമാക്കുന്നത്.പന്ത് ഇതോടെ ഇരുവിഭാഗത്തെയും പിണക്കാനാവാതെ 'ന്യൂട്രലിൽ' നിൽക്കുന്ന യു.ഡി.എഫ് കോർട്ടിലെത്തി . ആരെ തള്ളും ആരെ കൊള്ളുമെന്നാണ് ഇനി കണ്ടറിയേണ്ടത്. ഈ വർഷം ഒടുവിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസ് (എം) മുമ്പു മത്സരിച്ച എല്ലാ വാർഡുകളിലും പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്നും അതിനുള്ള ഒരുക്കങ്ങൾ വാർഡ് തലങ്ങളിൽ ആരംഭിച്ചുവെന്നും ജോസ് കെ.മാണി ഒരു മുഴം നീട്ടി എറിയുകയും ചെയ്തു. ഇരുവിഭാഗവും തമ്മിലുള്ള കടിപിടി തദ്ദേശ തിരഞ്ഞെടുപ്പിലേക്കും നീളുമെന്നതിന്റെ സൂചനയാണിത്.
' കുട്ടനാട് സീറ്റ് കേരള കോൺഗ്രസ്സിനെന്നത് തർക്കമില്ലാത്ത കാര്യമാണ്.ഞങ്ങളുടെ ജേക്കബ് എബ്രഹാം മത്സരിച്ച സിറ്റിംഗ്
സീറ്റെന്ന നിലയിൽ കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി ഉറപ്പു തന്നിട്ടുണ്ട്. രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥിയുണ്ടാവും .
-പി.ജെ.ജോസഫ്, ഇന്നലെ തൊടുപുഴയിൽ പറഞ്ഞത്
' പാലായിൽ യു.ഡി.എഫിനെ ദുർബലപ്പെടുത്തിയതിനു സമാനമായ നീക്കങ്ങൾ ജോസഫ് ഇപ്പോഴും നടത്തുന്നു.. .കുട്ടനാട് സീറ്റ് കേരള കോൺഗ്രസ് -എമ്മിന് ഉള്ളതാണ്. രണ്ടില ചിഹ്നം സംബന്ധിച്ച തർക്കം ഇലക്ഷൻ കമ്മിഷനു മുന്നിലാണ്. 15ന് ചരൽക്കുന്നിൽ ചേരുന്ന പാർട്ടി ക്യാമ്പിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കും '
-ജോസ് കെ മാണി, ഇന്നലെ കോട്ടയത്ത് പറഞ്ഞത്