വൈക്കം : എസ്. എൻ. ഡി. പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ സാമ്പത്തിക ക്രമക്കേടുകളെ തുടർന്ന് യൂണിയൻ ഭാരവാഹിത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട അഡ്വ.സുഭാഷ് വാസു നടത്തുന്ന അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പ്രചാരണങ്ങളെ വൈക്കം യൂണിയൻ അപലപിച്ചു. വെള്ളാപ്പള്ളി നടേശന് യൂണിയൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. യോഗത്തെ തകർക്കുന്നതിന് തക്കം പാർത്തിരിക്കുന്ന ഛിദ്രശക്തികൾ ഇതിന് മുൻപും യോഗ നേതാക്കളെ തേജോവധം ചെയ്യുന്നതിനും യോഗത്തിന്റെ സംഘടന ശക്തിയെ ദുർബലമാക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്. വ്യക്തമായ ദിശാബോധമുള്ള ശ്രീനാരായണീയ സമൂഹം അതിന് ശ്രമിച്ചവരെയെല്ലാം ചരിത്രത്തിൽ നിന്ന് പോലും തൂത്തെറിഞ്ഞിട്ടുമുണ്ട് ഇവിടെയും സംഭവിക്കുക അതുതന്നെയാണെന്നും യോഗത്തെ ശിഫിലമാക്കാൻ ശ്രമിച്ചവരെയെല്ലാം എല്ലാ കാലത്തും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കൗൺസിൽ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.പി.സെൻ പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ, യോഗം അസി.സെക്രട്ടറി പി.പി.സന്തോഷ്, യോഗം ഡയറക്ടർ ബോർഡംഗം രാജേഷ് മോഹൻ, കൗൺസിലർമാരായ പ്രഭാകരൻ, വിജയൻ, മോഹനൻ, കൃഷ്ണകുമാർ, ഹരിദാസ്, അഭിലാഷ് എന്നിവർ സംസാരിച്ചു.