കോട്ടയം: മീൻകച്ചവടക്കാരനെ ഇടിച്ചു വീഴ്‌ത്തിയ ശേഷം നിറുത്താതെ പോയ കാർ, അടർന്നു വീണ നമ്പർ പ്ലേറ്റ് വച്ച് പൊലീസ് കുടുക്കി. അപകടത്തിൽ പെരുമ്പായിക്കാട് പൂഴിക്കുന്നേൽ അബ്ദുൾ ലത്തീഫ് (62) ഗുരുതരമായ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കാർ ഓടിച്ചിരുന്ന ഏറ്റുമാനൂർ മുട്ടുചിറ മാളിയേക്കൽ ജെറി ജെയിംസിനെ (32) ഗാന്ധിനഗർ എസ്.ഐ ടി.എസ് റെനീഷ് അറസ്റ്റ് ചെയ്‌തു.
ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ എം.സി റോഡിൽ സംക്രാന്തി ജംഗ്ഷനിലായിരുന്നു അപകടം. മീൻ കച്ചവടക്കാരനായ അബ്‌ദുൾ ലത്തീഫ് ഏറ്റുമാനൂർ മാർക്കറ്റിലേയ്‌ക്കു പോകുന്നതിനായാണ് സംക്രാന്തി ജംഗ്ഷനിൽ എത്തിയത്. ചായ കുടിക്കാനായി റോഡിനു കുറുകെ കടന്ന ലത്തീഫിനെ കാർ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. നാട്ടുകാരാണ് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് കാർ നിർത്താതെ പോയെങ്കിലും, നമ്പർ പ്ലേറ്റ് റോഡിൽ വീണ് പോയിരുന്നു. ഇത് നാട്ടുകാരും ഓട്ടോഡ്രൈവർമാരും ചേർന്ന് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ജെറിയാണ് കാർ ഓടിച്ചതെന്ന് കണ്ടെത്തിയത്. മറ്റൊരാളെ ഹാജരാക്കി കേസിൽ നിന്നും രക്ഷപ്പെടാൻ ജെറി ശ്രമിച്ചെങ്കിലും വിശദമായി ചോദ്യം ചെയ്‌തതോടെ അതു പൊളിഞ്ഞു. ജെറിയ്‌ക്കെതിരെ കേസെടുത്തു.