വൈക്കം : ത്രിതല പഞ്ചായത്തുകളിലെ വർക്കുകളുടെ ബിൽ തുക അടിയന്തിരമായി നൽകണം എന്ന് ആവശ്യപ്പെട്ട് ആൾ കേരളാ ഗവൺമെന്റ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7ന് ഇന്ന് രാവിലെ 10ന് വൈക്കം ട്രഷറിയിലേക്ക് മാർച്ചും ധർണയും നടത്തും. പഞ്ചായത്ത് വർക്കുകൾ നടത്തുന്ന ചെറുകിട കരാറുകാർ മാസങ്ങളായി തുടരുന്ന ട്രഷറി സ്തംഭനം മൂലം പ്രതിസന്ധിയിലാണ് . എൽ.എസ്.ജി.ഡി വർക്കുകൾക്ക് ടാറിന്റെ യഥാർത്ഥ വില നൽകുക, കോസ്റ്റ് ഇൻഡക്സ് യാഥാർത്ഥ്യബോധത്തോടെ ആക്കുക, എൽ.എസ്.ജി.ഡി വർക്കുകളെ ട്രഷറി നിയന്ത്രണത്തിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുക, പി.ഡബ്ല്യു.ഡി വർക്കുകൾക്ക് ഒരു കോടി രൂപ വരെ ടാർ നൽകിയിരുന്നത് പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ജോജി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. സി.യു.മത്തായി, റെജോ കടവൻ, ജോഷി ചാണ്ടി, അനിൽകുര്യൻ, എൻ.അനിൽകുമാർ, ടി.എസ്.അശോകൻ, സാർവ്വഭൗമൻ, പി.കെ.ഷാജി എന്നിവർ പ്രസംഗിക്കും.