പാലാ: വലിയപാലത്തിലെ ഫുട്പാത്തിൽ കാൽനട യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തി കൂട്ടിയിട്ടിരുന്ന പൈപ്പുകൾ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ ഇന്നലെ രാവിലെ തന്നെ എടുത്തു മാറ്റി. 'പാലത്തിലുണ്ടൊരു പൈപ്പ് കെണി ' എന്ന തലക്കെട്ടിൽ 'കേരള കൗമുദി ' ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് പാലാ വാട്ടർ അതോറിറ്റി അധികൃതർ ഇക്കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിച്ചത്. വലിയ പാലത്തിലെ പൈപ്പുകൾ പൊട്ടി ജലം പാഴായതിനെത്തുടർന്ന് പുതിയ പൈപ്പുകൾ സ്ഥാപിച്ചിരുന്നു. ഊരിമാറ്റിയ പഴയ പൈപ്പുകൾ വലിയ പാലത്തിലെ ഫുട്പാത്തിൽ തള്ളിയത് കാൽനടക്കാർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. നിത്യവും ആയിരക്കണക്കിനു കാൽ നടയാത്രക്കാർ സഞ്ചരിക്കുന്ന വഴിയിലായിരുന്നൂ ഈ പൈപ്പ് തള്ളൽ.
സംഭവം വാർത്തയായതോടെ പാലാ വാട്ടർ അതോറിട്ടി എ.ഇ. ദീപക്കിന്റെ നേതൃത്വത്തിലെത്തിയ ജീവനക്കാർ ഇന്നലെ രാവിലെ തന്നെ പൈപ്പുകൾ, പുത്തൻപള്ളിക്കുന്നിലെ വാട്ടർ അതോറിട്ടി വളപ്പിലേക്ക് മാറ്റുകയായിരുന്നു. വിഷയം അധികാരികളുടെ ശ്രദ്ധയിൽക്കൊണ്ടു വന്ന 'കേരളകൗമുദി 'യ്ക്ക് തെക്കേക്കര പൗരസമിതി അഭിനന്ദനം രേഖപ്പെടുത്തി. ബിജു പുളിക്കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.