വംശനാശ ഭീഷണിയിൽ ഉൾനാടൻ മത്സ്യസമ്പത്ത്
കോട്ടയം : ഉൾനാടൻ മത്സ്യബന്ധനമേഖലയ്ക്ക് കനത്ത തിരിച്ചടിയായി വേമ്പനാട്ട് കായലിലെ 'ജനപ്രിയ' മത്സ്യങ്ങൾ പലതും വംശനാശഭീഷണിയിൽ. കരിമീൻ ഉത്പാദനത്തിലാണ് വൻകുറവുണ്ടായത്. ഇതോടെ വില കുതിച്ചുയർന്നു. ആഡ്രയിൽ നിന്നുള്ള വ്യാജ കരിമീൻ നാടൻ കരിമീന് പകരം വിപണി കൈയടക്കി. കൊഞ്ച് , പ്രാഞ്ചീൽ, കണമ്പ്, പൂളോൻ,നങ്ക് ,കൂരി തുടങ്ങിയ മത്സ്യങ്ങൾ പേരിനുപോലും കാണാൻ കഴിയുന്നില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു. തെള്ളി ചെമ്മീന്റെ ലഭ്യതയിലും ഇടിവുണ്ടായി. അഞ്ചുവർഷം മുമ്പ് ലഭിച്ചതിന്റെ മൂന്നിലൊന്ന് ചെമ്മീൻ സമ്പത്ത് പോലും വേമ്പാട്ടുകായലിൽ ഇല്ല. 300ൽ അധികം ഇനത്തിൽപെട്ട മത്സ്യങ്ങൾ ഉണ്ടായിരുന്ന വേമ്പനാട്ട്കായലിൽ നിന്ന് പലതും അപ്രത്യക്ഷമായി. 1974ൽ 16,000 ടൺ മത്സ്യം വേമ്പനാട് കായലിൽ നിന്നു ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 8,000 ടണ്ണിലേക്ക് ചുരുങ്ങിയെന്ന് ഫിഷറീസ് വകുപ്പ് നടത്തിയ പഠനങ്ങളിൽ വ്യക്തമായി. തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ മേഖലയിലെ മത്സ്യലഭ്യത 4,000 ടണ്ണിൽ നിന്ന് 600 ആയി കുറഞ്ഞു. ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണ്. മീനുകളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ടെന്നും കണ്ടെത്തിയിരുന്നു. പ്ളാസ്റ്റിക്കിന്റെ അളവ് വർദ്ധിച്ചത് മത്സ്യങ്ങളുടെ പ്രജനനത്തെയും ബാധിച്ചിട്ടുണ്ട്. അതേസമയം മത്സ്യസമ്പത്തിന്റെ കുറവുമൂലം രണ്ട് ലക്ഷത്തോളം ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ്. പലരും തൊഴിൽ ഉപേക്ഷിക്കാനും നിർബന്ധിതരായി.
വില്ലൻ രാസമാലിന്യം
രാസമാലിന്യം വൻ തോതിൽ വേമ്പനാട്ടുകായലിലേക്ക് എത്തുന്നുണ്ട്. ഹൗസ്ബോട്ടുകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ, പാടശേഖരങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന കീടനാശിനി കലർന്ന ജലം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നും റിസോർട്ടുകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങൾ എന്നിവയും മത്സ്യസമ്പത്തിന് ദോഷമാകുന്നുണ്ട്. എക്കലും ചെളിയും അടിഞ്ഞ് കായൽ ആഴം കുറയുന്നതും മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിക്കുന്നു. തെളിഞ്ഞ മണൽകൂടുകൾ തീർത്താണ് മത്സ്യങ്ങളിൽ പലതും മുട്ടയിടുന്നത്. എന്നാൽ ഇപ്പോൾ അടിത്തട്ടിൽ മണലില്ലാതായി.
വംശനാശ ഭീഷണി നേരിടുന്നവ
നാടൻ മുഷി
കോല
വാഴക്കൂരി
ആറ്റുവാള
ആരകൻ
പന ആരകൻ
വാഹ വരാൽ
ലഭ്യത കുറഞ്ഞവ
വലിഞ്ഞിൽ
കൂരൽ
ആറ്റുകൊഞ്ച്
കാലൻ ചെമ്മീൻ
പൂമീൻ
കണമ്പ്
തിരുത
നഞ്ചുകരിമീൻ
കട്ട്ല
പ്രാഞ്ചി
ഒറത്തൽ
കടൽകറുപ്പ്