a

പാലാ: തൊടുപുഴ റൂട്ടിലെ അല്ലപ്പാറ സ്ഥിരം അപകട മേഖല. ഇന്നലെ രണ്ട് പേർ മരിച്ചതാണ് ഒടുവിലത്തെ സംഭവം. നെടു നീളെ നേരെ കിടക്കുന്ന റോഡ്, അല്ലപ്പാറ കുരിശുപള്ളിയോടു ചേർന്ന് നേരിയൊരു വളവ്. പ്രവിത്താനം ഭാഗത്തു നിന്നും പാലാ ഭാഗത്തേക്കു പോകുന്ന വാഹനങ്ങളും, പയപ്പാർ കയറ്റം കയറി പ്രവിത്താനം ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങളും ചെറിയൊരു ഇറക്കം കൂടിയുള്ള ഇതു വഴി കൂടുതൽ വേഗതയിൽ പോകും.
കുരിശുപള്ളിയോട് ചേർന്ന് അന്ത്യാളം-ഏഴാച്ചേരി റൂട്ടിലേക്കും, എതിർവശത്തു നിന്ന് അളനാട്ടിലേക്കും രണ്ട് പഞ്ചായത്ത് റോഡുകളുണ്ട്. ഈ രണ്ട് റോഡുകളിൽ നിന്നും മെയിൻ റോഡിലേക്ക് വാഹനങ്ങൾ പെട്ടെന്ന് കയറി വരുമ്പോൾ, മെയിൻ റോഡിലൂടെ അമിത വേഗതയിൽ വാഹനമോടിക്കുന്നവരുടെ ഉള്ളൊന്നു കാളും. വഴി പരിചയമില്ലാത്ത ഡ്രൈവർമാരാണെങ്കിൽ പ്രത്യേകിച്ചും. ഇതോടെ ഇവർ പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ, തങ്ങളുടെ വാഹനം വെട്ടിക്കുകയോ ചെയ്യും. ഇവിടെ ഇതേ വരെ ഉണ്ടായിട്ടുള്ള അപകടങ്ങളെല്ലാം ഇത്തരത്തിലുള്ളതാണെന്ന് പരിസരവാസികൾ പറയുന്നു.അല്ലപ്പാറ മേഖലയിൽ വലുതും ചെറുതുമായ അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ജോസ്. കെ. മാണി എം. പി ആവശ്യപ്പെട്ടു.

ഇവിടെ ഉണ്ടായ അപകടങ്ങൾ

 കഴിഞ്ഞ വർഷം കട്ടപ്പനയിൽ നിന്നും രോഗിയുമായി കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്കു പോയ ജീപ്പ്,

പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു

 രണ്ടു വർഷം മുമ്പ് തമിഴ്‌നാട്ടിൽ നിന്നുള്ള തീർത്ഥാടന വാഹനം ഇവിടെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചിരുന്നു

 കെ. എസ്. ആർ.ടി. സി. ബസും സ്വകാര്യ ബസ്സും തമ്മിൽ കൂട്ടിയിടിച്ചും അപകടമുണ്ടായി