കോട്ടയം: സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും വേമ്പനാട്ട് കായലിൽ അടിഞ്ഞു കൂടിയ ടൺ കണക്കിന് പ്ലാസ്റ്റിക് നീക്കം ചെയ്യുന്നതിന് ഒരു നടപടിയുമായില്ല. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അടച്ചതോടെ ഒഴുക്ക് ഏതാണ്ട് നിലച്ചു . പായൽ നിറഞ്ഞും വേമ്പനാട്ടുകായൽ മാലിന്യ വാഹിനിയായി.

മഴ കുറഞ്ഞതോടെ ഉപ്പുവെള്ളം നേരത്തേ വേമ്പനാട്ടു കായലിൽ എത്തിയിരുന്നു .കൊയ്ത്തിന് തയ്യാറായ കായൽ നിലങ്ങളിലെ നെൽകൃഷി നശിക്കുമെന്ന മുറവിളിയുമായി കർഷകർ പ്രതിഷേധിച്ചു. ഇതോടെ ഡിസംബർ ആദ്യം ബണ്ട് അടച്ചു. മാർച്ച് അവസാനമേ തുറക്കൂ. ഇനി ബണ്ട് തുറന്നു ഉപ്പു വെള്ളം കായലിൽ ഒഴുകി എത്തിയാലേ പായലും കളകളും നശിക്കൂ. അതിന് രണ്ടു മാസം കാത്തിരിക്കണം .

കായലിലേക്കൊഴുകിയെത്തുന്ന ആറും തോടും മലിനമായി. പടിഞ്ഞാറൻ പ്രദേശങ്ങളിൽ കുടിവെള്ളത്തിനും ബുദ്ധിമുട്ടായി .മഴയ്ക്ക് ഇനിയും മാസങ്ങളെടുക്കുമെന്നതിനാൽ കുടിവെള്ളക്ഷാമം ഇനി രൂക്ഷമായേക്കും.

തണ്ണീർമുക്കം ബണ്ട് പരീക്ഷണാടിസ്ഥാനത്തിൽ തുറന്നിടുമെന്ന് മന്ത്രി തോമസ് ഐസക്ക് എല്ലാ വർഷവും പ്രഖ്യാപിക്കുമെങ്കിലും ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. കുട്ടനാട് വികസന പദ്ധതിയിൽ പെടുത്തി വേമ്പനാട്ട് കായലിന്റ ആഴം കൂട്ടുമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ അടക്കം നീക്കി ശുദ്ധീകരിക്കുമെന്നുമുള്ള പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവ കടലാസ് പദ്ധതിയായി അവശേഷിക്കുകയാണ്.

90

ഷട്ടറുകളും

അടച്ചു

 എക്കൽ നീക്കാത്തതിനാൽ പലയിടത്തും ആഴം കുറഞ്ഞു.

 ബണ്ട് അടച്ചതോടെ ആമ്പലും പോളയും ചീഞ്ഞഴുകി തുടങ്ങി

 പാടങ്ങളിൽ നിന്നു പുറംതള്ളിയ രാസമാലിന്യങ്ങളും നിറഞ്ഞു

 വെള്ളം വീട്ടാവശ്യത്തിന് ഉപയോഗിക്കാനാവാത്ത വിധം കറുകി

 പായൽ നിറഞ്ഞതോടെ ബാേട്ടുകളുടെ യാത്ര ബുദ്ധിമുട്ടായി

 മലിനജലം പകർച്ച വ്യാധികൾക്ക് കാരണമാകുമെന്ന് ഭീതി

വേമ്പനാട്ടുകായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിയന്തരമായി നീക്കണം.

ഡ്രഡ്ജിംഗ് നടത്തി ആഴം കൂട്ടണം. സ്ഥിരമായി തണ്ണീർമുക്കം ബണ്ട് തുറന്നിടണം. ഇതിന് കൃഷി കലണ്ടർ തയ്യാറാക്കി കൃത്യമായി പാലിച്ചാൽ മതി.

ഡോ.കെ.ജി പത്മകുമാർ,

(പരിസ്ഥിതി ശാസ്ത്രജ്ഞൻ)