കോട്ടയം: സർക്കാർ ധനസഹായം ഫലപ്രദമായി വിനിയോഗിച്ച് ജനോപകാരപ്രദമായ പദ്ധതികൾ സമയബന്ധിതമായി പൂർത്തികരീക്കുന്നതിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മാതൃകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർമാണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
20.20 കോടി രൂപ ചെലവിട്ട് പൂർത്തീകരിച്ച പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്. ആർദ്രം പദ്ധതി രണ്ടാം ഘട്ടം, മോഡുലാർ ഓപ്പറേഷൻ തിയേറ്ററുകൾ, സി.ടി സിമുലേറ്റർ, കാർഡിയോളജി വിഭാഗത്തിൽ കൂട്ടിരിപ്പുകാർക്കായി വിശ്രമ കേന്ദ്രം, ശൗചാലയ സമുച്ചയം, ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്, കാൻസർ അസ്ഥി രോഗവിഭാഗം ഐ.സി.യു, പവർ ലോൺഡ്രി, നവീകരിച്ച ബയോ മെഡിക്കൽ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. 80 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 12 പുതിയ പദ്ധതികൾക്ക് തുടക്കം കുറിച്ചു.
മെഡിക്കൽ കോളേജ് അശുപത്രി അങ്കണത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങിൽ അഡ്വ. കെ.സുരേഷ്‌കുറുപ്പ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ വികസനപ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ, മുൻ എം.എൽ.എ വി.എൻ.വാസവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തിൽ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ജോസഫ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി, ജില്ലാ പഞ്ചായത്ത് അംഗം മഹേഷ് ചന്ദ്രൻ, മറ്റു ജനപ്രതിനിധികൾ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫ്, വൈസ് പ്രിൻസിപ്പൽ ഡോ.കെ.പി. ജയകുമാർ, വിവിധ വിഭാഗങ്ങളുടെ മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.