കോട്ടയം: കുടുംബ ബന്ധങ്ങളിലെ ശൈഥില്യംമൂലം ഒറ്റപ്പെട്ടു പോകുന്ന കുട്ടികൾക്ക് വീട്ടിലേക്കാൾ മികച്ച ജീവിതസാഹചര്യമൊരുക്കി സർക്കാർ ഒപ്പമുണ്ടാകുമെന്ന് വനിതാ ശിശു വികസനആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ഷൈലജ ടീച്ചർ പറഞ്ഞു. തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോമിലെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഡോർമെട്രി, ചികിത്സാമുറി, തൊഴിൽ പരിശീലന കേന്ദ്രം, നവീകരിച്ച ഒബ്‌സർവേഷൻ ഹോം, ശിശു സൗഹൃദ പാർക്ക് എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സർക്കാർ സജ്ജമാക്കിയിട്ടുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ പരിശ്രമിക്കണമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പതിനായിരത്തിലധികം പുസ്തകങ്ങളുള്ള എയർ കണ്ടീഷൻ ചെയ്ത വായനശാല തോമസ് ചാഴികാടൻ എം.പിയും ആധുനീക രീതിയിൽ നിർമ്മിച്ച ഓഡിറ്റോറിയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലും ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ വി.എൻ. വാസവൻ, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ശശീന്ദ്രനാഥ്, അയർക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി തോമസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, വനിതാശിശു വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ബിന്ദു ഗോപിനാഥ്, വകുപ്പ് ജില്ലാ ഓഫീസർ പി.എൻ. ശ്രീദേവി, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ്. മല്ലിക, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.ഷീജ അനിൽ, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസർ കെ.വി ആശാമോൾ, പൊതുമരാമത്ത് കെട്ടിട വിഭാഗം വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഷീന രാജൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.