house

അഞ്ച് ലക്ഷത്തിന്റെ നഷ്ടം

അടിമാലി: അടിമാലി വിശ്വദീപ്തി സ്‌കൂളിന് സമീപം തീപിടുത്തതിൽ വീടിനുള്ളിലെ ഗൃഹോപകരണങ്ങൾ പൂർണ്ണമായി കത്തി നശിച്ചു.അടിമാലി പള്ളിടിയിൽ ടോമിയുടെ വീട്ടിലാണ് ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ തീപിടുത്തമുണ്ടായത്.സംഭവ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല.വീടിന്റെ ജനൽ ചില്ലകൾ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടെത്തിയ അയൽവാസികളാണ് വീടിനുള്ളിൽ തീപടർന്ന വിവരം ആദ്യം അറിഞ്ഞത്.തുടർന്ന് വിവരം ഫയർഫോഴ്‌സിൽ അറിയിച്ചു.ഫയർഫോഴ്‌സെത്തി തീയണച്ചെങ്കിലും ഗൃഹോപകരണങ്ങൾ പൂർണ്ണമായി കത്തിനശിച്ചു.വീടിനുള്ളിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തതിന് ഇടവരുത്തിയതെന്നാണ് പ്രഥമിക നിഗമനം.വീടിനുള്ളിൽ ടെലിവിഷൻ ഘടിപ്പിച്ചിരുന്ന പ്ലഗ് പോയിന്റിൽ തീ ഉണ്ടാവുകയും പിന്നീട് തീ ടെലിവിഷനിലേക്കും സോഫയടക്കമുള്ള മറ്റ് ഗൃഹോപകരണങ്ങളിലേക്കും വ്യാപിച്ചുവെന്നുമാണ് കരുതുന്നത്. ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്.വീട്ടുടമസ്ഥൻ ടോമി വിദേശത്ത് ജോലി ചെയ്തു വരികയാണ്.ടോമിയുടെ ഭാര്യ മിനി അടിമാലി വിശ്വദീപ്തി സ്‌കൂളിലെ അദ്ധ്യാപികയാണ്.അടിമാലി ഫയർഫോഴ്‌സ് യൂണിറ്റിലെ സീനിയർ ഫയർ ഓഫീസർ ബിജു പി തോമസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വീടിനുള്ളിലെ തീയണച്ചത്.

ചിത്രം1. അടിമാലി വിശ്വദീപ്തി സ്‌കൂളിന് സമീപം തീപിടിത്തം ഉണ്ടായ പള്ളിയിൽ ടോമിയുടെ വീട്

ചിത്രം2.ഫയർ ഫോഴ്‌സ് തീ അണയ്ക്കുന്നു