market-jpg

വൈക്കം: പഴയ നാട്ടുചന്തക്ക് പുനർജ്ജനി നൽകി നാട്ടിൻപുറത്തിന്റെ നന്മകളിലേക്ക് തിരിച്ചു നടക്കുന്നു ക്ഷേത്ര നഗരി. രാജഭരണകാലത്തിന്റെ ശേഷിപ്പുകളിലൊന്നായിരുന്ന ശ്രീമൂലം ചന്ത 2019-20 വർഷത്തെ പദ്ധതിയിൽപ്പെടുത്തി പുനരുജ്ജീവിപ്പിച്ചത് ഇന്ന് നാടിന് സമർപ്പിക്കും.ശ്രീമൂലം മാർക്കറ്റ് പ്രവർത്തനരഹിതമായിട്ട് രണ്ടര പതിറ്റാണ്ടായി. അഞ്ചു വർഷം മുൻപുവരെ മാർക്കറ്റിന്റെ പേര് നിലനിർത്തുവാൻ ഇറച്ചി വ്യാപാരം മാത്രം ഇവിടെ നടന്നിരുന്നു. രാജഭരണകാലത്താണ് കെ.വി കനാലിന്റെ തീരത്തോടുചേർന്ന് മാർക്കറ്റ് സ്ഥാപിച്ചത്. വാഹനഗതാഗതം സുഗമമല്ലാതിരുന്ന കാലത്ത് ജലഗതാഗതത്തെ അടിസ്ഥാനമാക്കിയായിരുന്നു മാർക്കറ്റിന്റെ പ്രവർത്തനം. കോട്ടയം ജില്ലയുടെയും ആലപ്പുഴയുടെയും എറണാകുളത്തിന്റെയും വിവിധ പ്രദേശങ്ങളിൽ നിന്നായി നുറുകണക്കിന് വ്യാപാരികളാണ് ഇവിടെ എത്തിയിരുന്നത്. മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാൻ എത്തുന്നവരും അനവധിയായിരുന്നു. പച്ചക്കറിയും പലചരക്കും മത്സ്യവും മാംസവും ഉൾപ്പെടെ ഒരു കുടുംബത്തിനുവേണ്ട എല്ലാ സാധനങ്ങളും ഉപഭോക്താക്കളുടെ ഇഷ്ടാനുസരണം ഇവിടെ ലഭ്യമായിരുന്നു. നഗരസഭ രൂപീകൃതമായതിനുശേഷവും മാർക്കറ്റിന്റെ പ്രവർത്തനം സജീവമായിരുന്നു. നഗരസഭയുടെ പ്രധാന വരുമാനമാർഗം കൂടിയായിരുന്നു ഇത്. വൈക്കത്തിന്റെ എല്ലാ മേഖലകളിലുമുള്ള കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ ഇടനിലക്കാരുടെ ചൂഷണമില്ലാതെ വിൽക്കാൻ കഴിഞ്ഞിരുന്നു. വൈക്കത്തിന്റെ പരമ്പരാഗത ഉൽപന്നങ്ങളായ തഴപ്പായ, കയർ എന്നിവയുടെയെല്ലാം മികച്ച വിപണിയായിരുന്നു ഈ നാട്ടുചന്ത. പലചരക്കുസാധനങ്ങൾ തൂക്കത്തിലും പാത്രങ്ങളുടെ അളവിലുമെല്ലാം ഇവിടെ വിറ്റിരുന്നു. മാർക്കറ്റിൽ നിന്നും വരുമാനം പറ്റിയിരുന്ന അധികാരികൾ ദീർഘവീക്ഷണത്തോടെയുള്ള വികസന പ്രവർത്തനങ്ങൾ കാലാനുസൃതമായി ഇവിടെ നടപ്പിലാക്കാൻ മറന്നു. ഇതോടെ മാർക്കറ്റിലേക്കെത്തുന്ന കച്ചവടക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. രാവിലെയും വൈകിട്ടും പ്രവർത്തിച്ചിരുന്ന മാർക്കറ്റ് ആൾത്തിരക്ക് കുറഞ്ഞതോടെ വൈകുന്നേരങ്ങളിലേക്ക് മാത്രമായി ഒതുങ്ങി. പിന്നീടിത് ആഴ്ചയിൽ രണ്ടായി. ഇതിനിടയിൽ ടി.വി പുരം, ഉല്ലല, നാനാടം, കോവിലകത്തുംകടവ്, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ മാർക്കറ്റുകൾ രൂപീകൃതമായി. ഇതോടെ ആഴ്ചയിൽ രണ്ടുദിവസം നടന്നിരുന്ന ചന്തപോലും പ്രവർത്തിക്കാത്ത അവസ്ഥയായി. ഒടുവിൽ മത്സ്യത്തിന്റെയും ഇറച്ചിയുടെയും കച്ചവടം മാത്രമായി ഇവിടെ ഒതുങ്ങി. കാലപ്പഴക്കത്താൽ ജീർണ്ണിച്ച പഴയ ഒരു കെട്ടിടം മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇതിനെയാണ് നഗരസഭ ആധുനിക രീതിയിൽ പുനർനിർമിച്ച് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നത്. ഇന്ന് രാവിലെ 10ന് പുനർനിർമിച്ച ശ്രീമൂലം നാട്ടുചന്ത നഗരസഭാ ചെയർമാൻ പി.ശശിധരൻ ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ആർ.സന്തോഷ് അധ്യക്ഷത വഹിക്കും. വൈസ് ചെയർപേഴ്‌സൺ എസ്.ഇന്ദിരാദേവി ആദ്യവിൽപ്പന നിർവഹിക്കും.

മാർക്കറ്റ് പ്രവർത്തനരഹിതമായിട്ട് രണ്ടര പതിറ്റാണ്ടായി

രാജഭരണകാലത്താണ് കെ.വി കനാലിന്റെ തീരത്തോടുചേർന്ന് മാർക്കറ്റ് സ്ഥാപിച്ചത്