പൊൻകുന്നം: അമിതവേഗത്തിലെത്തിയ കാർ പൊൻകുന്നംഎരുമേലി റോഡിൽ ചിറക്കടവ് പറപ്പള്ളിത്താഴത്തുകവലയിൽ മറിഞ്ഞു. ഡ്രൈവർക്ക് പരിക്ക്. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിൽ നിന്ന് കഞ്ചാവ് പൊതിയും കണ്ടെടുത്തു.
കാറോടിച്ചിരുന്ന പുളിക്കൽകവല പുള്ളിയിൽ ബിനിലിന്റെ കൈയൊടിഞ്ഞു. ഒപ്പമുണ്ടായിരുന്ന ഇടയിരിക്കപ്പുഴ സ്വദേശി വിഷ്ണു പോലീസ് കസ്റ്റഡിയിലാണ്. രക്ഷപെടാൻ ശ്രമിച്ച ഇയാളെ നാട്ടുകാരും മോട്ടോർ വാഹനവകുപ്പിന്റെ സേഫ്‌സോൺ ടീമംഗങ്ങളും ചേർന്നാണ് പിടികൂടിയത്. ബിനിലിനെ പൊൻകുന്നത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകരമായ രീതിയിലാണ് പൊൻകുന്നം മുതൽ കാർ ഓടിച്ചിരുന്നത്. വീതികുറവായ റോഡിൽ മറ്റുവാഹനങ്ങൾ ഇവരിൽ നിന്ന് വെട്ടിച്ചുമാറ്റിയാണ് കടന്നുപോയത്. വഴിയാത്രക്കാർ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പൊൻകുന്നം പൊലീസ് കേസെടുത്തു. സംഭവസമയത്ത് സ്ഥലത്തെത്തിയ ഗതാഗതവകുപ്പ് സേഫ്‌സോൺ അംഗങ്ങളായ എ.എം.വി.ഐ. ഒ.എസ്.അജയകുമാർ, പി.എസ്.ഷാജഹാൻ എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. കാറോടിച്ചിരുന്നയാൾക്കെതിരെ ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയെടുക്കുമെന്ന് എം.വി.ഐ.മാരായ ബി.ജയപ്രകാശ്, ഷാനവാസ് കരീം എന്നിവർ പറഞ്ഞു.