അപകടം ഇന്ന് രാവിലെ 6.25ന് വൈക്കം ചേരുംചുവട്ടിൽ
അപകടത്തിൽപ്പെട്ടത് വേഴോർവട്ടം ക്ഷേത്രദർശനത്തിന് പോയവർ
വൈക്കം : ദർശനത്തിനായി ചേർത്തല വേഴോർവട്ടം ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചുകയറി നാലുപേർ മരിച്ചു. ബസിൽ സഞ്ചരിച്ചിരുന്ന പത്തു പേർക്ക് പരിക്കേറ്റു. ഇവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 6.25 ന് വൈക്കം ചേരുംചുവട് ഭാഗത്താണ് അപകടം.
തൃപ്പൂണിത്തുറ ഉദയംപേരൂർ പത്താം മൈൽ മനയ്ക്കപ്പറമ്പിൽ സൂരജ് വിശ്വനാഥൻ (35), പിതാവ് വിശ്വനാഥൻ (65), അമ്മ ഗിരിജ (61), വിശ്വനാഥന്റെ സഹോദര ഭാര്യ അജിത (51) എന്നിവരാണ് മരിച്ചത്. മരിച്ച നാലു പേരെയും കാർ വെട്ടിപ്പൊളിച്ചാണ് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. റിട്ട.കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ് വിശ്വനാഥൻ. സൂരജ് ഉദയംപേരൂരിൽ കട നടത്തിവരികയാണ്. സൂരജാണ് കാർ ഓടിച്ചിരുന്നത്.
വൈക്കം-വൈററില റൂട്ടിൽ സർവീസ് നടത്തുന്ന ''ലിറ്റിൽറാണി'' ബസ് അമിത വേഗതയിലായിരുന്നുവെന്ന് പറയപ്പെടുന്നു. ബസിന്റെ മുൻചക്രങ്ങൾ കാറിൽ കയറിയിറങ്ങി. കാർ നിശേഷം തകർന്നു. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തെ തുടർന്ന് അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. മൃതദേഹങ്ങൾ വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.