കോട്ടയം : ആൾക്കൂട്ടത്തെ നിയന്ത്രിച്ച് കടത്തിവിടുന്നതിനിടയിൽ പൊലീസുകാരിയോട് അപമര്യാദയായി പെരുമാറിയ 24 കാരൻ അറസ്റ്റിൽ. നെയ്യശേരി തേക്കനാൽ സുനിലിനെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി പത്തരയോടെ ന്യുമാൻ കോളേജ് ഗ്രൗണ്ടിൽ നടന്ന കാർഷിക മേളയിലായിരുന്നു സംഭവം. ആൾകൂട്ടത്തിനിടയിലൂടെ എത്തിയ സുനിൽ വനിതാ പൊലീസ് ഓഫീസറെ കടന്നുപിടിക്കുകയായിരുന്നു. തിക്കും തിരക്കും ഭാവിച്ച് കടന്നുപോവുന്നതിനിടയിലാണ് പൊലീസുകാരിയെ ഇയാൾ ആക്രമിച്ചത്. ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും വനിതാ പൊലീസ് ഓഫീസർ മൽപിടുത്തത്തിലൂടെ ഇയാളെ കീഴ്പ്പെടുത്തി. ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.