കോട്ടയം: അഞ്ചാമത് ത്രിദിന കേരള ചരിത്ര കോൺഗ്രസ് 9ന് എം.ജി സർവകലാശാലയിൽ ആരംഭിക്കും. സമ്മേളനത്തിൽ മൂന്നൂറിലധികം അക്കാദമിക പ്രബന്ധങ്ങൾ അവതരിപ്പിക്കും. മാധ്യമം, സാഹിത്യം, കല, സിനിമ, വായ്‌മൊഴി, വംശം, ലിംഗം തുടങ്ങിയ മേഖലകളെ ഉൾക്കൊള്ളിച്ച് 14 വ്യത്യസ്ത സെഷനുകൾ നടക്കും. തെരഞ്ഞെടുക്കപ്പെട്ട 750 പ്രതിനിധികൾ പങ്കെടുക്കും. നാളെ 9.30ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന ഉദ്ഘാടന സമ്മേളനം ഫ്രാൻസിലെ വി.എസ്.എൽ. സർവകലാശാല സാമൂഹികശാസ്ത്ര വിഭാഗം ഡയറക്ടർ പ്രൊഫ. (ഡോ.) കപിൽ രാജ് ഉദ്ഘാടനം ചെയ്യും. കേരള ചരിത്ര കോൺഗ്രസ് പ്രസിഡന്റ് ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷത വഹിക്കും. എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ അധ്യാപിക പ്രൊഫ. ആർ. മഹാലക്ഷ്മി, റിട്ട. ജസ്റ്റിസ് കെ. കമാൽപാഷ, സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. എ. ജോസ് എന്നിവർ പങ്കെടുക്കും. ഡൽഹി ചരിത്രപഠന കേന്ദ്രത്തിലെ പ്രൊഫ. ജാനകി നായരും പ്രൊഫ. ഉദയകുമാറും പ്ലീനറി സെഷനുകൾ നയിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് നടക്കുന്ന പ്രത്യേക യോഗത്തിൽ അമത് പുല്ലാർക്കാട്ട് (ജെ.എൻ.യു.), ലദീദ ഫർസാന (ജാമിയ മിലിയ), ആയിഷ അബ്ദുൾ ഖാദർ (ടിസ് മുംബൈ), അസ്ലാം നസ്ലിം (എം.ജി.) എന്നിവർ പങ്കെടുക്കും. രണ്ടാംദിവസം പശ്ചിമഘട്ടത്തിലെ പാരിസ്ഥിതിക വിഷയങ്ങളും പ്രളയ ചരിത്രവും സംബന്ധിച്ച് ടൈംസ് ഒഫ് ഇന്ത്യയിലെ ബി. വിജുവും പൗരത്വം, മതേതരത്വം എന്ന വിഷയത്തെക്കുറിച്ച് ദി ഹിന്ദുവിലെ വർഗീസ് കെ. ജോർജും പ്രഭാഷണം നടത്തും. സിനിമയുടെ ചരിത്രത്തെക്കുറിച്ച് ബർദ്വാൻ സർവകലാശാലയലെ പ്രൊഫ. നന്ദിത ബാനർജി സംസാരിക്കും. ആദിവാസി സമൂഹ പ്രശ്‌നങ്ങൾ ബിപിൻ ജോജോ, അലക്‌സ്, അഖപ്, ഭംഗ്യ ബുഖ്യ, വെർജിനസ്‌ക്ലാസാ എന്നിവർ അവതരിപ്പിക്കും. മൂന്നാംദിവസം മഹാത്മാഗാന്ധിജിയെക്കുറിച്ചുള്ള പ്രത്യേക സെഷനിൽ പ്രൊഫ. രാകേഷ് ബദാബ്യാൽ, പ്രൊഫ. അബ്ദുൾ റസാഖ്, രേഖരാജ് എന്നിവരും കേരള ചരിത്രവും സമകാലിക കേരളവും എന്ന വിഷയത്തിൽ ഡോ. കെ.എൻ. ഗണേഷ്, ഡോ.ടി.ടി. ശ്രീകുമാർ, ഡോ. കെ.എസ്. മഹാദേവൻ എന്നിവരും പ്രബന്ധാവതരണം നടത്തും. ശനിയാഴ്ച 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ മുഖ്യാതിഥിയാകും.