കോട്ടയം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക പകുതിയായി കുറച്ച കേരളത്തിന്റെ നടപടിക്കെതിരെ കേന്ദ്ര സർക്കാർ . കേന്ദ്ര നിയമത്തിൽ വെള്ളം ചേർക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് വ്യക്തമാക്കുന്ന അറ്റോർണി ജനറലിന്റെ നിയമോപദേശം സഹിതം കേന്ദ്ര ഗതാഗതമന്ത്രാലയം കത്തയച്ചു.
കേരള സർക്കാരിന്റെ നടപടിയെ വിമർശിക്കുന്ന കത്തിൽ പാർലമെന്റ് പാസാക്കിയ നിയമം തിരുത്താൻ സംസ്ഥാനത്തിന് അവകാശമില്ലെന്ന് അടിവരയിടുന്നു. പൗരത്വഭേദഗതി ബില്ലിനെതിരെ പ്രമേയം പാസാക്കിയ കേരളത്തിന്റെ നടപടി ദേശീയ തലത്തിൽ വലിയ ചർച്ചയായ സഹചര്യത്തിൽ ഈ കത്തിന് പ്രധാന്യമേറെയാണ്. സംസ്ഥാന സർക്കാർ പിഴ കുറച്ചുകൊണ്ട് കഴിഞ്ഞ ഒക്ടോബർ 28നാണ് വിജ്ഞാപനമിറക്കിയത്. അപ്പോഴൊന്നും മുന്നറിയിപ്പ് നൽകാതിരുന്ന കേന്ദ്രം കേന്ദ്രനിയമം ഓർമ്മപ്പെടുത്തി ഇപ്പോൾ കത്തയച്ചതും ശ്രദ്ധേയമാണ്.
1988 ലെ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതിവരുത്തിക്കൊണ്ട് 2019 ആഗസ്റ്റ് ഒൻപതിനാണ് പാർലമെന്റ് പുതിയ നിയമം പാസാക്കിയത്. 2019 സെപ്റ്റംബർ ഒന്നു മുതൽ നിയമം പ്രാബല്യത്തിൽ വന്നു. ഹെൽമറ്റും സീറ്റ്ബെൽറ്റും ധരിക്കാത്തവരിൽ നിന്ന് ആയിരം രൂപ പിഴ ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയർന്നതോടെ ,പിഴ അഞ്ഞൂറ് രൂപയായി കുറച്ച് സംസ്ഥാന ഗതാഗതവകുപ്പ് ഉത്തരവിറക്കി.
പിഴത്തുക കുറച്ച സംസ്ഥാനങ്ങളുടെ നടപടിക്കെതിരെ കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേ അതോറിറ്റിയാണ് സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും, ട്രാൻസ്‌പോർട്ട് കമ്മിഷണർമാർക്കും കത്തയച്ചത്. സംസ്ഥാന സർക്കാർ പിഴത്തുക പകുതിയായി കുറച്ചതിനെതിരെ മന്ത്രാലയം അറ്റോർണി ജനറലിനോട് നിയമോപദേശം തേടിയിരുന്നു. കേരളത്തിന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും, കേന്ദ്ര സർക്കാർ പാസാക്കിയ മോട്ടോർ വാഹന വകുപ്പിലെ ആക്ടിൽ രാജ്യത്തെ ഒരു സംസ്ഥാനം പിഴത്തുക പകുതിയായി കുറച്ചിരിക്കുന്നതായി കത്തിൽ പറയുന്നു.
അറ്റോർണി ജനറിന്റെ
നിയമോപദേശം
പാർലമെന്റ് പാസാക്കിയ 2019ലെ മോട്ടോർ വാഹന നിയമം രാഷ്‌ട്രപതി ഒപ്പു വച്ചതാണ്. ഇതിനെതിരെ ഉത്തരവ് പ്രകാരമോ, നിയമം പാസാക്കിയോ സംസ്ഥാന സർക്കാരിന് യാതൊരു വിധത്തിലുള്ള ഇടപെടലും നടത്താൻ സാധിക്കില്ല.
ഇനി ഏതെങ്കിലും രീതിയിലുള്ള നിയമപരിഷ്‌കരണം നടത്തണമെങ്കിൽ തന്നെ, സംസ്ഥാനത്തിന് കേന്ദ്രത്തോട് അഭ്യർത്ഥിക്കാൻ മാത്രമേ സാധിക്കൂ. ഇത്തരത്തിൽ കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെ മാത്രമേ കേന്ദ്ര സർക്കാർ പാസാക്കിയ നിയമത്തിൽ സംസ്ഥാനത്തിന് കുറവ് വരുത്താനോ, ഇളവ് വരുത്താനോ സാധിക്കൂവെന്ന് ഭരണഘടനയിലെ ആർട്ടിക്കിൾ 256 വ്യക്തമാക്കുന്നു. ആർട്ടിക്കിൾ 356 പ്രകാരം കേന്ദ്ര സർക്കാർ പാസാക്കിയ ഒരു നിയമത്തിൽ യാതൊരു വിധത്തിലുള്ള ഇടപെടലിനും സംസ്ഥാനങ്ങൾക്ക് സാധിക്കില്ല.