കോട്ടയം: ആറു മാസമായി വേതനം മുടങ്ങിയതോടെ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി പ്രതിസന്ധിയിലായി. കേന്ദ്ര വിഹിതമായി 1114 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കാനുണ്ട്. ഇത് നൽകണമെന്ന് നിരവധി തവണ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം കേട്ട മട്ടുകാട്ടുന്നില്ല.

അവിദഗ്ധ തൊഴിലാളികൾക്ക് തൊഴിൽ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി കേന്ദ്രസർക്കാർ നടപ്പാക്കിയത്.

2019 ജൂലായ് 18നാണ് അവസാനമായി ഫണ്ട് നൽകിയത്. കൂലിയില്ലാ വേലയ്ക്ക് പലരും പോകാതെ വന്നതോടെ തൊഴിലുറപ്പ് പദ്ധതിയും ഏതാണ്ട് അവതാളത്തിലായി.

ജോലി ചെയ്താൽ 15 ദിവസത്തിനകം വേതനം നൽകണമെന്നാണ് ചട്ടം. പ്രതിസന്ധി രൂക്ഷമായതോടെ 2019 ഡിസംബർ 18നു തദ്ദേശഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ കേന്ദ്രത്തിന് കത്തയച്ചു. എന്നാൽ ഇതുവരെ ഫണ്ട് നൽകാൻ കേന്ദ്രം തയാറായിട്ടില്ല. ഈ സാഹചര്യത്തിൽ പദ്ധതി എങ്ങനെ തുടരുമെന്ന ആശയക്കുഴപ്പത്തിലാണ് സംസ്ഥാന സർക്കാർ.

മഹാപ്രളയത്തിൽ മറ്റ് ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട കേരളത്തിലെ വലിയൊരു വിഭാഗത്തിന് ആശ്രയമായത് തൊഴിലുറപ്പ് പദ്ധതിയായിരുന്നു. പ്രളയ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരം ദുരന്ത മേഖലയിലുള്ളവർക്ക് 50 തൊഴിൽ ദിനംകൂടി കേന്ദ്രസർക്കാർ അധികമായി അനുവദിച്ചിരുന്നു.

തൊഴിലാളികൾക്ക്

നൽകാനുള്ളത്

898 കോടി രൂപ

 ചേർന്നത് 54.17 ലക്ഷം

 23.79 ലക്ഷം പേർ സജീവം

 80 ശതമാനവും സ്ത്രീകൾ

 ദിവസ വേതനം 271 രൂപ

കേന്ദ്രസർക്കാരില്‍ നിന്നും ഫണ്ട് ലഭിക്കാത്തതാണ് വേതനം വൈകുന്നതിന് കാരണമെന്ന് തൊഴിലുറപ്പ് പദ്ധതി പ്രോഗ്രാം ഓഫീസർമാർ പറയുന്നു. ഇതു കേന്ദ്രപദ്ധതിയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. കുടിശിക കിട്ടാതെ വരുമോ എന്ന് ഭയന്ന് ഇപ്പൊഴും ജോലിക്കിറങ്ങുന്നുണ്ട്.

- നാരായണി, ചെങ്ങളം, തൊഴിലുറപ്പ് തൊഴിലാളി