mg-university

കോട്ടയം: വൈസ് ചാൻസലർമാർ രാഷ്ടീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ജോലിചെയ്യണമെന്ന് ചാൻസലറായ ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ ഉപദേശിച്ചതിന് പിന്നാലെ ജീവനക്കാരുടെ സംഘടനകൾ നടത്തിയ രാഷ്ടീയ സമ്മർദ്ദത്തിന് വഴങ്ങി ഇരു യൂണിയനുകളിൽ പെട്ട അഞ്ച് ജീവനക്കാർക്കെതിരായ അച്ചടക്ക നടപടി എം.ജി സർവകലാശാലാ വൈസ് ചാൻസലർ ഡോ.സാബുതോമസ് റദ്ദാക്കി. വൈസ്ചാൻസലർ ഇന്നലെ സ്ഥലത്തില്ലാത്തതിനാൽ ഓർഡർ ഇറക്കിയിട്ടില്ല. എന്നാൽ അച്ചടക്കനടപടി പിൻവലിച്ചതായ അറിയിപ്പു സംഘടനകൾക്കു ലഭിച്ചു.

മാർക്ക് ദാനവിവാദത്തിൽ 118 പേരുടെ ബിരുദം റദ്ദാക്കിയിരുന്നു . ഇവരുടെ ലിസ്റ്റ് തയ്യാറാക്കിയതിലെ പാകപ്പിഴയുടെ പേരിലായിരുന്നു അച്ചടക്ക നടപടി. ബി.ടെക് സപ്ലിമെന്ററി പരീക്ഷ തോറ്റ 118 പേർ അഞ്ചു മാർക്കു കൂടുതൽ നേടി ജയിച്ചത് വിവാദമായതോടെ ഇവരുടെ ബിരുദം സിൻഡിക്കേറ്റ് റദ്ദാക്കി. യഥാർത്ഥത്തിൽ 116 പേരേ മാർക്കു ദാനം വഴി ജയിച്ചുള്ളൂ.ഡിഗ്രി സർട്ടിഫിക്കറ്റ് തിരിച്ചു വാങ്ങാൻ ലിസ്റ്റ് തയ്യാറാക്കിയ ജീവനക്കാർ മാർക്കു ദാനം വഴി അല്ലാതെ ജയിച്ച രണ്ടു പേരുടെ ബിരുദവും റദ്ദാക്കി. പട്ടിക ഇതോടെ തിരുത്തേണ്ടി വന്നു. ഇങ്ങനെ തെറ്റായി പട്ടിക തയ്യാറാക്കിയതിന് രണ്ട് സെക്ഷൻ ഓഫീസർമാരായ അനന്തകൃഷ്ണൻ, ബെന്നി കുര്യാക്കോസ് എന്നിവരെ സസ്പെൻഡ് ചെയ്തു .പരീക്ഷാ വിഭാഗം ജോയിന്റ് രജിസ്ടാർ ‌ആഷിക് എം കമാൽ, ഡപ്യൂട്ടി രജിസ്ട്രാർ നസീമാബീവി, അസിസ്റ്റന്റ് രജിസ്ട്രാർ എം.പത്മകുമാർ എന്നിവരെ സ്ഥല മാറ്റി.

നടപടി നേരിട്ട അഞ്ചിൽ മൂന്നുപേർ കോൺഗ്രസ് സംഘടനാ നേതാക്കളും മറ്റുള്ളവർ സി.പി.എം , ബി.ജെ.പി സംഘടനാ നേതാക്കളുമായിരുന്നു .അച്ചടക്ക നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ ഒന്നിച്ച് പ്രക്ഷോഭത്തിനിറങ്ങുമെന്ന് വി.സിക്കു മുന്നറിയിപ്പു നൽകി. അപ്രതീക്ഷിത സന്ദർശനത്തിനെത്തുന്ന ഗവർണറെ ബോധിപ്പിക്കാനാണ് അച്ചടക്ക നടപടിയെന്നും ഗവർണർ വന്നുപോയാൽ നടപടി പിൻവലിക്കാമെന്ന ഉറപ്പും നേതാക്കൾ വൈസ് ചാൻസലറിൽ നിന്ന് നേടിയെടുത്തു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ അച്ചടക്കനടപടി പിൻവലിച്ചതെന്നാണ് പ്രചാരണം.