ചങ്ങനാശേരി : ദുരിതമെന്നാൽ സർവ്വത്രദുരിതം. റോഡരികിൽ മാലിന്യക്കൂനകൾ. മൂക്കുപൊത്തി ഓടേണ്ട അവസ്ഥ. ളായിക്കാട്-പാലാത്ര ബൈപ്പാസിലാണ് മാലിന്യക്കൂനകൾ വീണ്ടും നിറയുന്നത്. ളായിക്കാട് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്താണ് കൂടുതലായും മാലിന്യം തള്ളുന്നത്. കഴിഞ്ഞദിവസം കെട്ടിടം പൊളിച്ചതിന്റെ അവശിഷ്ടങ്ങളുമായെത്തിയ ടിപ്പർലോറി നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറിയിരുന്നു. കൂടാതെ, കക്കൂസ് മാലിന്യം ബൈപ്പാസിൽ തള്ളിയത് അഗ്നിശമനസേനയുടെ ,സഹായത്തോടെയാണ് കഴുകിക്കളഞ്ഞത്. റെയിൽവേ സ്റ്റേഷന് സമീപം പകൽപോലും മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. ബൈപ്പാസിന്റെ ളായിക്കാട് ഭാഗം നഗരസഭ 19-ാം വാർഡിൽ ഉൾപ്പെട്ടതാണ്. ദുരിതം അസഹ്യമായതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി.
കുരച്ചുചാടി തെരുവുനായ്ക്കൾ
മാലിന്യം തള്ളുന്നത് വ്യാപകമായതോടെ ആഹാരം തേടിയെത്തുന്ന തെരുവുനായ്ക്കളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. ഇതോടെ പ്രഭാതസവാരിയും ബുദ്ധിമുട്ടാവുകയാണ്. കൈയിൽ വടിയുമായി റോഡിലിറങ്ങേണ്ട അവസ്ഥയെന്നും നാട്ടുകാർ പറയുന്നു. അതേസമയം ബൈപ്പാസിൽ മാലിന്യം തള്ളുന്നതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് വാർഡ് വികസനസമിതിയുടെ തീരുമാനം.
കേസെടുത്തതായി പൊലീസ്
ബൈപ്പാസിൽ മാലിന്യം തള്ളിയവർക്കെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു. രാത്രികാലപട്രോളിംഗ് കൂടുതൽ കാര്യക്ഷമമാക്കിയെന്നും പൊലീസ് അറിയിച്ചു.