thuni-sanji

കറുകച്ചാൽ : പ്ലാസ്റ്റിക്ക് നിരോധനത്തിന് ഒരു വർഷം മുൻപേ ബലമുള്ളതും ഈടുനിൽക്കുന്നതുമായ തുണിസഞ്ചികൾ നിർമ്മിച്ച് തുടങ്ങിയതാണ് ചാമംപതാലിലെ 20 വീട്ടമ്മമാർ. റസിഡന്റ്സ് അസോസിയേഷനുകൾ, സ്‌കൂളുകൾ, കോളേജുകൾ തുടങ്ങിയവർക്ക് ആവശ്യപ്രകാരം സഞ്ചികൾ നിർമ്മിച്ചു നൽകുകയായിരുന്നു ഇവർ. പ്ലാസ്റ്റിക് നിരോധനം വന്നതോടെ ആവശ്യക്കാരും കൂടി. ഇതോടെ നിർമ്മാണം ഊർജിതമാക്കി. സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ നിർമ്മിക്കുന്ന തയ്യൽ കേന്ദ്രമായിരുന്നു ആദ്യം. പ്രസിഡന്റ് മോളമ്മ ഷാജിയും, സെക്രട്ടറി ഷീജാ സലാമും വാർഡംഗവും രക്ഷാധികാരിയുമായ റംഷാദ് റഹ്മാനും ചേർന്നാണ് പുതിയ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

'എ സ്റ്റാർ" എന്നാണ് ഇവരുടെ തുണിസഞ്ചിക്ക് നൽകിയിരിക്കുന്ന പേര്. ഹൈദരാബാദ്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് എത്തിക്കുന്ന കട്ടികൂടിയ തുണിയും, ചണം കൊണ്ടുമാണ് സഞ്ചികൾ നിർമ്മിക്കുന്നത്. ഇവ ദീർഘകാലം നീണ്ടു നിൽക്കുന്നതും കഴുകി ഉപയോഗിക്കാവുന്നതുമാണ്. പല വലിപ്പത്തിലും വർണ്ണത്തിലുമുള്ള സഞ്ചികൾ നിർമ്മിക്കുന്നുണ്ട്. പത്ത് പേർ തുണികൾ വെട്ടുമ്പോൾ ബാക്കി പത്ത് പേർ തുന്നൽ ജോലികൾ ചെയ്യും. ദിവസം അഞ്ഞൂറോളം സഞ്ചികളാണ് നിർമ്മിക്കുന്നത്. മുൻപ് ആവശ്യക്കാർ പറയുന്നതനുസരിച്ചായിരുന്നു നിർമ്മാണം. ഇപ്പോൾ മുഴുവൻ സമയവും തുണിസഞ്ചി നിർമ്മാണത്തിനായി നീക്കി വച്ചിരിക്കുകയാണ്.